പന്തലായനി സൗത്ത് സുരക്ഷ പാലിയേറ്റീവിന് വധൂ വരന്മാർ മെഡിക്കൽ ഉപകരണം കൈമാറി

കൊയിലാണ്ടി: പാലിയേറ്റീവ് പ്രവർത്തനത്തിന് വേറിട്ട മാതൃകകൾ സമ്മാനിച്ച കൊയിലാണ്ടിയിലെ സുരക്ഷ പാലിയേറ്റീവിന് കൈത്താങ്ങായി പന്തലായനി സൗത്തിൽ ആരംഭിച്ച സുരക്ഷ പാലിയേറ്റീവ് കെയർ യൂണിറ്റിന് വധൂ വരന്മാരുടെ സ്നേഹോപഹാരം. പന്തലായനി ചെരിയാല പരേതനായ രാജൻ്റെയും ലതയുടെയും മകൻ അതുൽരാജും, മാട്ടനോട് ചിലമ്പൻ്റെ കണ്ടി ബാലകൃഷ്ണൻ്റെ മകൾ അനഘയും തമ്മിലുള്ള വിവാഹത്തോടനുബന്ധിച്ചാണ് പാലിയേറ്റീവ് പ്രവർത്തനത്തിനാവശ്യമായ മെഡിക്കൽ ഉപകരണങ്ങളും തുകയും കൈമാറി വേറിട്ട മാതൃകയായത്.

കോവിഡ് രൂക്ഷമായ ഈ കാലഘട്ടത്തിൽ പ്രയാസമനുഭവിക്കുന്ന ജനതയ്ക്ക് അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും സുരക്ഷയിൽ ഒരുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഓക്സി മീറ്റർ, ബി.പി. മോണിറ്ററിംഗ് മെഷീൻ, വീൽ ചെയർ, വാട്ടർ ബെഡ്, പി.പി.ഇ കിറ്റ്, സാനിറ്റൈസർ, ക്ലോറിനേഷൻ, കോവിഡ് മുക്ത വീടുകളിൽ ശുചീകരണം, വാഹന സൌകര്യം എന്നിവ സുരക്ഷ യുണിറ്റിൽ സജ്ജമാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യനും സുരക്ഷ പന്തലായനി സൗത്ത് യൂണിറ്റ് ഭാരവാഹികളും ചേർന്ന് വരൻ്റെ അമ്മ ലതയിൽ നിന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. സുരക്ഷ രക്ഷാധികാരികളായ എം. നാരായണൻ മാസ്റ്റർ, എം.വി. ബാലൻ, സുരക്ഷ വളണ്ടിയർമാർ എന്നിവർ സംബന്ധിച്ചു.


