KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഇന്ന് മറ്റൊരു ജനക്ഷേമ വികസന പ്രവർത്തനം കൂടി നാടിന് സമർപ്പിക്കുകയാണ്.
പുതിയ ഡയാലിസിസ് സെന്റർ കേരളത്തിന്റെ പ്രിയ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. കെ.കെ.ശൈലജ ടീച്ചർ വൈകുന്നേരം 4 മണിക്ക് വീഡിയൊ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും.
ഇതോടെ കൊയിലാണ്ടി നഗരസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന നമ്മുടെ ഈ ധർമ്മാശുപത്രി ആരോഗ്യരംഗത്ത് അശരണർക്ക് കൂടുതൽ കൈത്താങ്ങാവുകയാണ്.
എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് ശേഷം കിഫ്ബി. വഴി 44 സർക്കാർ ആശുപത്രികളിലാണ് ഇത്തരം ഡയാലിസിസിസ് സെന്ററുകൾ അനുവദിച്ചത്. ആ 44 ൽ ഒന്ന് നമ്മുടെ കൊയിലാണ്ടിക്കാണ് ലഭിച്ചത്.  ഒരു കോടി 20 ലക്ഷം രൂപയുടെ മെഷീനുകളും അനുബന്ധ സിവിൽ ഇലക്ട്രിക്കൽ പ്രവൃത്തികളും ഇവിടെ പൂർത്തീകരിച്ചു കഴിഞ്ഞു.
10 പേർക്ക് ഒരേ സമയം ഡയാലിസിസ് ചെയ്യുന്ന തരത്തിൽ 3 ഷിഫ്റ്റുകളിലായി പൂർണ്ണതോതിൽ സെന്റർ പ്രവർത്തനം ആരംഭിക്കുകയാണെങ്കിൽ മാസത്തിൽ 5 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.  വലിയ അളവിൽ വെള്ളം ഇത് പ്രവർത്തിപ്പിക്കാൻ വേണ്ടി വരും.  ഭാവിയിൽ ഉണ്ടായേക്കാവുന്ന വെള്ള പ്രശ്നം പരിഹരിക്കാൻ കിഫ്ബി കുടിവെള്ള പദ്ധതിയിലെ സിവിൽ സ്റ്റേഷൻ ടാങ്കിൽ നിന്നും പ്രത്യേക ലൈൻ വലിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ നടപടിക്രമങ്ങൾ നഗരസഭ മുന്നോട്ട് നീക്കുന്നുണ്ട്.  അടുത്ത വേനലിന് മുന്നെ തന്നെ അത് സാധ്യമാവുമെന്ന് കരുതാം.  ചെലവ് കണ്ടെത്തുന്നതിനായി  സമാന ആശുപത്രികളിലെ നടത്തിപ്പുകാർ സ്വീകരിച്ച ജനകീയ ധനശേഖരണം എന്ന സ്വീകാര്യമായ വഴി തന്നെ പിന്തുടരാൻ നമ്മളും തീരുമാനിച്ചിരുന്നു.  ഇതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിൽ മാസം ആദ്യവാരം മുതൽ തന്നെ  നഗരസഭയും ആശുപത്രിയും ഇതിനായി കാര്യങ്ങൾ മുന്നോട്ട് നീക്കിയിരുന്നു.  എന്നാൽ കൊവിഡ്‌ 19 സൃഷ്ടിച്ച പ്രതിബന്ധങ്ങൾക്കിടയിൽ മുന്നോട്ടു പോകാനായിട്ടില്ല.  വരും ദിവസങ്ങളിലൊന്നിൽ തന്നെ ആ ജനകീയ ഉദ്യമത്തിലേക്ക് നമുക്ക് വരേണ്ടതുണ്ട്.
ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നതോടെ നമ്മുടെ സെന്റർ പൂർണ്ണമായും കോഴിക്കോട് ബീച്ച് ആശുപത്രിഡയാലിസിസ് യൂണിറ്റിന് താൽക്കാലികമായി കൈമാറുകയാണ് ചെയ്യുന്നത്.  ബീച്ച് ആശുപത്രി പൂർണ്ണമായും കോവിഡ് ആശുപത്രിയായി മാറുന്നതിനാൽ ജില്ലാ ആരോഗ്യവിഭാഗത്തിന്റെ നിർദ്ദേശപ്രകാരമാണ് ഇവിടെയുള്ള സൗകര്യം ഉപയോഗപ്പെടുത്തുന്നത്. ബീച്ച് യൂണിറ്റ് അപ്പാടെ ഇങ്ങോട്ടേക്ക് മാറുന്നതിനാൽ  അവിടെയുള്ള ഡയാലിസിസ് രോഗികൾ മുഴുവനായും മറ്റ് സ്റ്റാഫുകൾ, ഡോക്ടർമാർ എന്നിവരും താൽക്കാലികമായി ഇങ്ങോട്ടേക്ക് വരും.  
അത് കൊണ്ട്തന്നെ ഇവിടെയുള്ള പുതിയ രോഗികളെ ഇപ്പോൾ ഉൾപ്പെടുത്തുന്ന കാര്യം ഒഴിവിനനുസരിച്ച് പിന്നീട് മാത്രമെ തീരുമാനിക്കാൻ സാധിക്കുകയുള്ളു.  കോവിഡിന്റെ രൂക്ഷത കുറയുമ്പോൾ ബീച്ച് യൂണിറ്റ് അവിടേക്ക് തന്നെ ഷിഫ്റ്റ് ചെയ്യുമ്പോൾ കൂടുതൽ രോഗികൾക്ക് നമുക്ക് പ്രവേശനം നൽകാൻ കഴിയും.
പ്രവർത്തനം ആരംഭിക്കുന്നതോടെ എൽ.ഡി.എഫ് സർക്കാരിന്റെ മറ്റൊരു ജനക്ഷേമ വികസനം കൂടിയാണ് പാവപ്പെട്ട രോഗികളിലേക്ക് എത്തുന്നത്.  വികസനത്തിന്റെ ഉന്നതിയിൽ നിലയുറപ്പിച്ച നമ്മുടെ താലൂക്ക് ആശുപത്രിയുടെ കിരീടത്തിൽ മറ്റൊരു പൊൻ തൂവൽ കൂടിയാണ് വന്നു ചേരുന്നത്.
കെ.ദാസൻ എം.എൽ.എ

Share news

Leave a Reply

Your email address will not be published. Required fields are marked *