KOYILANDY DIARY.COM

The Perfect News Portal

87 വനിതകൾ ഇനി ഫയർ ആൻഡ്‌ റെസ്‌ക്യൂ ഓഫീസർമാർ

മുക്കം: ഉള്ളിലെ തീ അണയാതെ സൂക്ഷിച്ച 87 വനിതകൾ ഇനി ഫയർ ആൻഡ്‌ റെസ്‌ക്യൂ ഓഫീസർമാർ. സംസ്ഥാനത്ത് ആദ്യമായാണ് പിഎസ്‌സി വഴി വനിതകളെ അഗ്നിരക്ഷാസേനയിൽ നിയമിക്കുന്നത്. എൽഡിഎഫ് സർക്കാരാണ്‌ പുതിയ മാതൃക സൃഷ്‌ടിച്ചത്‌. ഫയർവുമൺ തസ്തികയിൽ നിയമനം ലഭിച്ച 87 പേർക്ക്‌ സെപ്‌തംബർ നാലിന്‌ പരിശീലനം തുടങ്ങും.
ആറുമാസം തൃശൂർ ഫയർ സർവീസ് അക്കാദമിയിലും ആറുമാസം ഫയർ സ്റ്റേഷനിലുമാണ് പരിശീലനം. ജില്ലയിൽ 13 പേർക്കാണ് നിയമനം ലഭിച്ചത്. നീന്തൽ, സ്കൂബ, അഗ്നിരക്ഷാ, മലകയറ്റം എന്നിവ പരിശീലനത്തിൽ ഉൾപ്പെടും. നീന്തലിൽ വിജയിച്ചാണ് പെൺപട പരിശീലനത്തിലെത്തുന്നത്. 100 വനിതകളെയാണ്‌ ആദ്യഘട്ടത്തിൽ അഗ്നിരക്ഷാസേനയിൽ നിയമിക്കുന്നത്. ഇതിൽ 87 പേരാണ് തുടക്കത്തിലെത്തുന്നത്.
ഏപ്രിൽ 10നാണ്‌ ജില്ലാ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചത്‌. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യതയെങ്കിലും പിജി, എംഫിൽ തുടങ്ങിയവയുള്ളവർ നിയമനം ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്‌. സേനയിലെ അടിസ്ഥാന സൗകര്യങ്ങളിലും ഇനി മാറ്റമുണ്ടാകും. വനിതകൾക്കായി അക്കാദമിയിൽ പരിശീലന സൗകര്യങ്ങൾ ഇതിനകം ഒരുക്കി. വിശ്രമവേളയിൽ ചായയും കാപ്പിയും നൽകാൻ വെന്റിങ്‌ മെഷീൻ സ്ഥാപിക്കാനും ലഘുഭക്ഷണങ്ങൾ നൽകാനും കേരള ഫയർ ആൻഡ് റെസ്ക്യൂ എംപ്ലോയീസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയെ ചുമതലപ്പെടുത്തി.
യൂണിഫോം ഉൾപ്പെടെ പരിശീലനത്തിന് ആവശ്യമുള്ളതെല്ലാം മിതമായ നിരക്കിൽ സ്റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട്. മുക്കം അഗ്നിരക്ഷാനിലയ പരിധിയിൽനിന്ന് അഞ്ചുപേർക്കാണ് നിയമനം. ശ്വേത അഗസ്ത്യൻമുഴി, തീർത്ഥ മുത്തേരി, ഐശ്വര്യ ഓമശേരി, ഉണ്ണിമായ ചെറൂപ്പ, അതുല്യ എന്നിവരാണ് ഫയർവുമൺ ട്രെയിനികളായത്. ഇവർക്ക് സ്വാതന്ത്ര്യദിനത്തിൽ അഗ്നിരക്ഷാനിലയത്തിൽ യാത്രയയപ്പ് നൽകി. സ്റ്റേഷൻ ഓഫീസർ അബ്ദുൾ ഗഫൂർ, അസി. സ്റ്റേഷൻ ഓഫീസർ പി കെ ഭരതൻ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ എം സി. മനോജ്, പയസ് അഗസ്റ്റിൻ, അബ്ദുൾ ഷുക്കൂർ, സന്തോഷ് കുമാർ, നാസർ എന്നിവർ സംസാരിച്ചു.

 

Share news