എലത്തൂരിലെ റോഡുകൾക്കായി 75 ലക്ഷം അനുവദിക്കും: മന്ത്രി എ കെ ശശീന്ദ്രൻ

കോഴിക്കോട്: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്കായി പഴയ എലത്തൂർ പഞ്ചായത്ത് പരിധിയിൽ 75 ലക്ഷത്തിൽപ്പരം രൂപ അനുവദിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. 1000 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ തദ്ദേശ റോഡുകൾ പുനരുദ്ധരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്. എലത്തൂർ നിയോജകമണ്ഡലത്തിലെ അമ്പലപ്പടിയിൽ 17 ലക്ഷം രൂപ ചെലവിൽ മുൻമന്ത്രി എ സി ഷൺമുഖദാസിന്റെ സ്മാരകമായി നിർമിച്ച ബസ് ബേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാലഞ്ചുവർഷമായി സംസ്ഥാനത്ത് നടക്കുന്ന വികസനപ്രവർത്തനങ്ങൾ തമസ്കരിക്കപ്പെടുക യാണെന്ന് മന്ത്രി പറഞ്ഞു. വികസനപ്രവർത്തനങ്ങൾ നാട്ടിലുണ്ടാക്കുന്ന മാറ്റങ്ങളല്ല ജനം അറിയുന്നത്, മറിച്ച് കഥകളാണ്. കഥകൾക്കിടയിൽ ഇത്തരം മാറ്റങ്ങൾ അറിയാതെപോകുകയാണ്. ഈ സാമ്പത്തിക വർഷം എലത്തൂരിൽ മാത്രം 90 ലക്ഷം രൂപ ചെലവഴിച്ചു. നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങൾ മുഖേന നിയോജക മണ്ഡലത്തിൽ അഞ്ചരക്കോടി രൂപയുടെ വികസനം നടന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എരഞ്ഞിക്കൽ വാർഡ് കൗൺസിലർ ഇ പി സഫീന അധ്യക്ഷയായി. കൗൺസിലർമാരായ വി പി മനോജ്, എസ് എം തുഷാര തുടങ്ങിയവർ പങ്കെടുത്തു.

