സ്ത്രീയെ ഇടിച്ച് തെറിപ്പിച്ചശേഷം ബൈക്ക് നിർത്താതെപോയി

കൊയിലാണ്ടി: സ്ത്രീയെ ഇടിച്ച് തെറിപ്പിച്ചശേഷം ബൈക്ക് നിർത്താതെപോയതായി പരാതി. കൊയിലാണ്ടി ആർട്സ് കോളജിലെ ജീവനക്കാരിയായ പന്തലായനി വെള്ളിലാട്ട് മീത്തൽ ലത(45)ക്കാണ് പരിക്ക് പറ്റിയത്. കൊയിലാണ്ടി നടേലക്കണ്ടി ബസ്സ്സ്റ്റാന്റ് ലിങ്ക് റോഡിലാണ് അപകടം ഉണ്ടായത്. ഇന്ന് 3 മണിയോടുകൂടിയാണ് സംഭവം.
സ്ത്രീ സ്റ്റേഡിയത്തിന് പിൻവശമുള്ള ഷോർട്ട്കട്ടിലൂടെ വന്ന് അൽജവഹർ ബിൽഡിംഗിന് അരികിലൂടെ നടേലക്കണ്ടി റോഡിലേക്ക് കടക്കുമ്പോൾ റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്ന് ബൈക്കിൽ അതിവേഗത്തിൽ വന്ന രണ്ട് യുവാക്കൾ സ്ത്രീയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അവരുടെ ഇടത് കൈപ്പത്തിയുടെ എല്ല് പൊട്ടിയിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ ഇവരെ താലൂക്കാശുപത്രിയിൽ എത്തിച്ചു. സർജറി ആവശ്യമുള്ളതിനാൽ അവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ട്പോയി. സംഭവത്തിന്റെ ദൃശ്യം അടുത്തുള്ള CCTVക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

