
തിരുവന്തപുരം: കല്ലട ബസിലെ തൊഴിലാളികളില്‍ നിന്ന് നേരിടേണ്ടി വന്ന ക്രൂരത വെളിപ്പെടുത്തിയ അധ്യാപിക മായാ മാധവന് ഭീഷണി. ഫേസ്ബുക്കിലൂടെയാണ് മായാ മാധവന് നേരെ ഭീഷണി നേരിട്ടത്. സംഭവത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയതായി മായ വ്യക്തമാക്കി. പരാതിയുമായി മുന്നോട്ട് പോകുമെന്നും ഇടന്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മായ പറഞ്ഞു.
ചെന്നൈയില്‍ നിന്ന് കല്ലടയുടെ ബസ് ബുക്ക് ചെയ്ത തനിക്കും മകള്‍ക്കും ഉണ്ടായ ദുരനുഭവമാണ് മായ പങ്കുവച്ചത്. ചെന്നൈയില്‍ നിന്ന് രാത്രി 11 മണിക്ക് വരേണ്ടിയിരുന്ന ബസ് പുലര്‍ച്ചെ 5 മണിക്കാണ് എത്തിയത്. അത്രയും സമയം തമിഴ്നാട്ടിലെ ഒരു വിജനമായ ഗ്രാമത്തില്‍ ഭയപ്പെട്ട് മകള്‍ക്കൊപ്പം തനിച്ച് ഇരിക്കേണ്ടി വന്നു.

കല്ലടയുടെ ഓഫീസ് ഉണ്ടായിട്ടും മാനേജര്‍ മൂത്രമൊഴിക്കാന്‍ പോലും പാതിരാത്രി ഓഫീസ് തുറന്നു തന്നില്ല. ഒടുവില്‍ ഗതികെട്ട് ഇരുട്ടിന്‍റെ മറവില്‍ കാളകള്‍ മേഞ്ഞു നടന്ന അടുത്തുള്ള തുറസായ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ മറവിലാണ് മൂത്രമൊഴിച്ചത്.

പുലര്‍ച്ചയോടടുത്ത് ഒരു വാഹനം വന്ന് അതില്‍ കയറിയെങ്കിലും അതിലെ ജീവനക്കാര്‍ യാത്രക്കാരോട് വളരെ മോശമായാണ് പെരുമാറിയത്. ഭക്ഷണത്തിനും പ്രഥമികവശ്യങ്ങള്‍ക്കും നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ യാത്രക്കാരെ ജീവനക്കാര്‍ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചുവെന്നും മായ പറഞ്ഞിരുന്നു.

അതേസമയം കല്ലട ബസിലെ മര്‍ദ്ദനത്തില്‍ അന്വേഷണത്തിനായി പോലീസ് സംഘം തമിഴ്നാട്ടിലെത്തി. തൃക്കാക്കര എസിപി യുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് തമിഴ്നാട്ടിലെത്തിയത്. സംഘം സേലത്തു നിന്ന് യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തും.
