കവലാട്, പൊയില്‍ക്കാവ് ഭാഗങ്ങളില്‍ ഞായറാഴ്ച വൈകീട്ട് ശക്തമായ കടലേറ്റമുണ്ടായി

കൊയിലാണ്ടി: ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാട്, ചെങ്ങോട്ടുകാവിലെ കവലാട്, പൊയില്‍ക്കാവ് ഭാഗങ്ങളില്‍ ഞായറാഴ്ച വൈകീട്ട് ശക്തമായ കടലേറ്റമുണ്ടായി. കാപ്പാട് തൂവ്വപ്പാറയ്ക്ക് സമീപം നാലുമണിയോടെയാണ് തിരയടിച്ചുകയറിയത്. തീരത്തെ ഏതാനും തെങ്ങുകള്‍ വീഴാറായിട്ടുണ്ട്. ബീച്ചില്‍ താത്കാലികമായുണ്ടാക്കിയ പെട്ടിക്കടകള്‍ കടന്നും വെള്ളമെത്തി. കടകള്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങയിട്ടുണ്ട്.
കടലോരത്തെത്തിയ വിനോദസഞ്ചാരികള്‍ക്ക് കടലിലിറങ്ങരുതെന്ന് കര്‍ശനനിര്‍ദേശം നല്‍കിയതായി സുരക്ഷാഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിലെ കവലാട് എട്ടുമീറ്ററോളം ദൂരത്ത് മണല്‍ത്തിട്ട കടലെടുത്തു. ഇതോടെ തീരദേശ റോഡിന്റെ നിലനില്‍പ്പും ഭീഷണിയിലായിട്ടുണ്ട്. തീരദേശറോഡില്‍ കടല്‍ഭിത്തിയോടു ചേര്‍ന്നുള്ള ഏതാനും മരങ്ങളും കടപുഴകിയിട്ടുണ്ട്.

പൊയില്‍ക്കാവില്‍ കടല്‍ത്തീരത്തെ റോഡിലേക്ക് ശക്തമായ തിരമാല അടിച്ചുകയറിയിട്ടുണ്ട്. ശക്തമായ തിരമാലയുണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളില്‍ മിക്കവരും ജോലിക്കുപോയിട്ടില്ല. കടലേറ്റമുണ്ടായ സ്ഥലങ്ങള്‍ കെ. ദാസന്‍ എം.എല്‍.എ., കൊയിലാണ്ടി തഹസില്‍ദാര്‍ പി. പ്രേമന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. പോലീസ് സംഘവും പെട്രോളിങ് നടത്തുന്നുണ്ട്.

