KOYILANDY DIARY.COM

The Perfect News Portal

പട്ടികവിഭാഗക്കാരിൽനിന്ന്‌ തെരഞ്ഞെടുത്ത 50 സ്റ്റാർട്ടപ്പുകൾ ഈ വർഷം പ്രവർത്തന സജ്ജമാക്കും; മന്ത്രി ഒ ആർ കേളു

തിരുവനന്തപുരം: പട്ടികവിഭാഗക്കാരിൽനിന്ന്‌ തെരഞ്ഞെടുത്ത 50 സ്റ്റാർട്ടപ്പുകൾ ഈ വർഷം  പ്രവർത്തന സജ്ജമാക്കുമെന്ന്‌ മന്ത്രി ഒ ആർ കേളു. പട്ടികജാതി, പട്ടികവർഗ പിന്നോക്ക വിഭാഗ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകൾക്ക് നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. എല്ലാ പട്ടിക വിഭാഗക്കാരെയും ഭൂമിയുടെ അവകാശികളാക്കും.

ഭൂമിവാങ്ങൽ, ലാൻഡ്‌ ബാങ്ക്, നിക്ഷിപ്ത വനഭൂമി പതിച്ച് നൽകൽ, വനാവകാശനിയമം തുടങ്ങിയ പദ്ധതികളിലൂടെ രണ്ടുവർഷത്തിനുള്ളിൽ എല്ലാ കുടുംബങ്ങൾക്കും ഭൂമി നൽകും. വീട്, വഴി, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എല്ലാവരിലുമെത്തിക്കുന്നതിനാണ് പ്രഥമ പരിഗണന. ഇതിനായി ഈ വർഷം 440 കോടി രൂപ വകയിരുത്തി അറ്റകുറ്റപ്പണി ആവശ്യമുള്ള വീടുകൾ  ‘സേഫ്’ പദ്ധതിയിലൂടെ നവീകരിക്കും. എക്‌സൈസ് വകുപ്പിൽ പട്ടികവർഗക്കാർക്കുവേണ്ടിയുള്ള നിയമനം പരിഗണനയിലാണ്‌.

 

മണ്ണന്തല അംബേദ്കർ ഭവനിലെ സിവിൽ സർവീസ് എക്‌സാമിനേഷൻ ട്രെയ്‌നിങ് സൊസൈറ്റി വിപുലീകരിക്കും. വേടൻ, നായാടി, കള്ളാടി, അരുന്ധതിയാർ, ചക്ലിയാൻ എന്നീ ദുർബല വിഭാഗങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതിവഴി അധിക തൊഴിൽ ദിനങ്ങൾ നൽകും. വയനാട്ടിൽ നടപ്പാക്കിയ ‘ഡിജിറ്റലി കണക്റ്റഡ് ട്രൈബൽ’ പദ്ധതി ഈ വർഷം അട്ടപ്പാടിയിലും നടപ്പാക്കും.

Advertisements

 

മുഴുവൻ പട്ടിക വിഭാഗ ആവാസസ്ഥലങ്ങളിലേക്കും യാത്രാ സൗകര്യവും ഇന്റർനെറ്റ് കണക്ടിവിറ്റിയും വൈദ്യുതിയും എത്തിക്കുന്ന പദ്ധതിയും  രണ്ടു വർഷത്തിനകം പൂർത്തിയാക്കും. ഒബിസി വിഭാഗത്തിൽപ്പെട്ട എൻജിനീയറിങ്‌ ബിരുദധാരികൾക്ക് സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനും ഈ വിഭാഗത്തിലെ വിധവകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾക്ക്‌ ധനസഹായത്തിന്‌ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി മറുപടി നൽകി.

 

Share news