5.95 ലക്ഷം എവൈ കാര്‍ഡുടമകള്‍ക്ക‌് സൗജന്യ ഓണക്കിറ്റ‌് നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്ത‌് 5.95 ലക്ഷം എഎവൈ കാര്‍ഡുടമകള്‍ക്ക‌് സൗജന്യ ഓണക്കിറ്റ‌് നല്‍കും. അരി, മുളക‌്, പഞ്ചസാര തുടങ്ങി 116 രൂപയുടെ പലവ്യഞ‌്ജനങ്ങളാണ‌് കിറ്റിലുണ്ടാകുക. ഏഴ‌് കോടി രൂപയാണ‌് ആകെ ചെലവ‌് പ്രതീക്ഷിക്കുന്നത‌്. അടുത്ത മന്ത്രിസഭായോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. ആഗസ‌്ത‌് മുതല്‍ എഎവൈ കാര്‍ഡുടമകള്‍ക്ക‌് ഒരു കിലോ പഞ്ചസാര സബ‌്സിഡി നിരക്കായ 13.50 രൂപയ്‌ക്ക് നല്‍കും.
സപ്ലൈകോയില്‍ നിലവില്‍ പഞ്ചസാര സബ‌്സിഡി നിരക്കില്‍ നല്‍കുന്നുണ്ട‌്. സപ്ലൈകോ ഇത്തവണയും വിപുലമായ ഓണച്ചന്തകള്‍ സംഘടിപ്പിക്കും. എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഓണം ഫെയറുകള്‍ തുടങ്ങും. കുടുംബശ്രീ, എംപിഐ, കെപ‌്കോ, ഹോര്‍ട്ടികോര്‍പ‌്, വിഎഫ‌്പിസികെ തുടങ്ങിയവയുടെ സ്റ്റാളുകള്‍ ഉണ്ടാകും. സപ്ലൈകോ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഓണം ഫെയറായി പ്രവര്‍ത്തിക്കും. മാവേലി സ‌്റ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ പ്രത്യേകം ഓണം ഫെയറുകള്‍ തുടങ്ങും. സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്യാനായി ആഗസ‌്ത‌് ഒന്നിന‌് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും.

ലോറിസമരത്തിന്റെ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍ക്ക‌് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാതിരിക്കാന്‍ പൂഴ‌്ത്തിവയ‌്പ‌് അടക്കമുള്ളവ തടയാന്‍ ഉദ്യോഗസ്ഥര്‍ക്ക‌് നിര്‍ദേശം നല്‍കി.

