മനുഷ്യൻ്റെ അസ്ഥി പൊടിച്ചുണ്ടാക്കിയ 45 കിലോ ലഹരി മരുന്നുമായി കൊളംബോയില്‍ 21കാരി പിടിയില്‍

മനുഷ്യൻ്റെ അസ്ഥി പൊടിച്ചുണ്ടാക്കിയ 45 കിലോ ലഹരി മരുന്നുമായി ശ്രീലങ്കയിലെ കൊളംബോയില്‍ 21കാരി പിടിയില്‍. ബ്രിട്ടീഷ് യുവതിയായ ഷാര്‍ലെറ്റ് മെലീയാണ് പിടിയിലായത്. വിമാനത്താലവളത്തില്‍ വെച്ച് പിടിയിലായ യുവതി മയക്കുമരുന്ന് കേസില്‍ കുറ്റക്കാരിയായെന്ന് കണ്ടെത്തിയാല്‍ 25 വര്‍ഷം തടവ് ശിക്ഷ അടക്കം ലഭിച്ചേക്കും.

ഈ മാസം ആദ്യമാണ് കൊളംബോയിലെ ബന്ധാരനായികെ വിമാനത്താവളത്തില്‍വെച്ച് യുവതി പിടിയിലായത്. ‘കുഷ്’ എന്ന് പേരുള്ള പുതിയ ലഹരിമരുന്ന് സ്യൂട്ട്കേസുകളില്‍ നിറച്ചാണ് യുവതി എത്തിയത്. ഇവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്.

3.3 മില്യൺ ഡോളർ (ഏകദേശം 28 കോടി രൂപ) വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം തന്റെ സ്യൂട്ട്കേസിലുണ്ടെന്ന് മുൻ ഫ്ലൈറ്റ് അറ്റൻഡ് കൂടിയായ യുവതി തന്നെയാണ് വിമാനത്താവള അധികൃതരോട് സമ്മതിച്ചത്. ഇത് അബദ്ധത്തില്‍ പറ്റിയതാണെന്നും ഇവര്‍ പറഞ്ഞു. പിന്നാലെ യുവതിയെ കൊളംബോയ്ക്ക് വടക്കുള്ള ഒരു ജയിലിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസില്‍ കുറ്റം തെളിഞ്ഞാൽ 25 വർഷം വരെ തടവ് ശിക്ഷ യുവതിക്ക് ലഭിച്ചേക്കാം.

അതേസമയം വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയളവില്‍ ഇത്രവിലയുള്ള മയക്കുമരുന്ന് പിടികൂടുന്നതെന്ന് ശ്രീലങ്കൻ കസ്റ്റംസ് നാർക്കോട്ടിക് കൺട്രോൾ യൂണിറ്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. യുവതിയില്‍ നിന്ന് പിടിച്ചെടുത്ത മനുഷ്യ അസ്ഥികള്‍കൊണ്ട് ഉണ്ടാക്കുന്ന ‘കുഷ്’ എന്ന ഈ ലഹരിമരുന്ന് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഉത്ഭവിച്ചതാണെന്നാണ് വിവരം. സിയറ ലിയോണില്‍ മാത്രം ആഴ്ചയില്‍ ഏകദേശം ഒരു ഡസനോളം പേരുടെ മരണത്തിനിടയാക്കുന്ന ലഹരിമരുന്നാണിതെന്ന് മുൻപ് ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

