പത്ര വിതരണവും പഠനവും ഇഴകിച്ചേർന്ന ദിയാലക്ഷ്മി വിജയ പഥത്തിലേക്ക്

കൊയിലാണ്ടി: കാപ്പാട് – പത്ര വിതരണവും പഠനവും ഇഴകിച്ചേർന്ന് വിജയ പഥത്തിലേക്ക് നീങ്ങുകയാണ് കാപ്പാട് സ്വദേശിയായ 15കാരി ദിയാലക്ഷ്മി എന്ന കൊച്ചു മിടുക്കി. ദിവസവും നേരം പുലരുമ്പോഴേക്കും പത്രക്കെട്ടുകളുമായി തന്റെ സൈക്കിളിൽ യാത്ര ആരംഭിക്കും. 7 മണിയോടുകൂടി പത്ര വിതരണം പൂർത്തിയാക്കി വീട്ടിലെത്തുന്ന ദിയാലക്ഷ്മി ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ സന്തോഷത്തിലാണ്. ഈ വിവരം നാട്ടുകാരെ അറിയിച്ചതും ദിയാലക്ഷ്മിതന്നെ.

ഉന്നത വിജയം നേടിയ വിവരം താൻ വിതരണം ചെയ്ത പത്രത്തിൽ വന്നിട്ടുണ്ടെന്ന് ദിയാ ലക്ഷ്മി തന്നെ അറിയുന്നത് പത്ര വിതരണം കഴിഞ്ഞ് വീട്ടിൽ മടങ്ങിയത്തിയശേഷമാണ്. പഠനത്തിലും തൊഴിലിലും വലിയ താൽപ്പര്യം കാണിക്കുന്ന ദിയ പൊതു രംഗത്തും നിറഞ്ഞുനിൽക്കുകയാണ്. തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ സാഹിത്യവേദി ഭാരവാഹിയും, ബാലസംഘം വികാസ് ഈസ്റ്റ് യൂണിറ്റ് പ്രസിഡണ്ടുമാണ് ദിയ. 50 ഓളം വീടുകളിലാണ് ഇപ്പോൾ പത്ര വിതരണം നടത്തുന്നത്.


കാട്ടിലപ്പീടികയിലെ പത്ര ഏജന്റും സിപിഐ(എം) വികാസ് ബ്രാഞ്ച് സെക്രട്ടറിയുമായ എം.കെ. ശശിയുടെ മകളാണ് ദിയാലക്ഷ്മി. ആറാം ക്ലാസിൽ പഠിക്കുന്ന നിഹാര ലക്ഷ്മി സഹോദരിയാണ്. അച്ഛന്റെ സഹായിയായാണ് ദിയാലക്ഷ്മി പത്രവിതരണത്തിലേക്കെത്തിയത്.


