കലാസ്വാദകർക്ക് സായൂജ്യമായി ഗുരു ചേമഞ്ചേരിയുടെ പൂർണ്ണകായ പ്രതിമ

കൊയിലാണ്ടി; കലാസ്വാദകർക്ക് സായൂജ്യമായി ഗുരു ചേമഞ്ചേരിയുടെ പൂർണ്ണകായ പ്രതിമ ചേലിയ കഥകളി വിദ്യാലയത്തിൽ പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ പൂർണ്ണകായ പ്രതിമ ജന്മ നാട്ടിൽ, ചേലിയ കഥകളി വിദ്യാലയത്തിൽ. ഒന്നാം ചരമവാർഷിക പരിപാടികൾ – ഓർമ്മ 2022 ൻ്റെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചത്. മൂന്ന് ക്വിൻറൽ ഭാരവും 5 അടി 4 ഇഞ്ച് പൊക്കവുമുള്ള പ്രതിമ നിർമ്മിച്ചത് പ്രശസ്ത ശില്പി ശിവജി അയനിക്കാടാണ്. കഴിഞ്ഞ ദിവസമാണ് നിർമ്മാണം പൂർത്തിയാക്കിയ പ്രതിമ ആരാധകരും ശിഷ്യഗണങ്ങളും ചേർന്ന് ചേലിയയിൽ എത്തിച്ചത്. കെ മുരളീധരൻ എം.പി. പ്രതിമ അനാച്ഛാദനം ചെയ്തു.

കലാപ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഒരിക്കലും അണയാത്ത കളി വിളക്കാണ് ഗുരു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊയിലാണ്ടി നിയോജക മണ്ഡലം എം.എൽ.എ. കാനത്തിൽ ജമീല അധ്യക്ഷത വഹിച്ചു. ഗുരു കാണിച്ചുതന്ന വിനയത്തിൻ്റെയും സ്നേഹത്തിൻ്റെയും വെളിച്ചം എല്ലാ കലാ പ്രവർത്തകരും മാതൃകയാക്കണമെന്ന് എം.എൽ.എ. പറഞ്ഞു. ചടങ്ങിൽ ശില്പി ശിവജി, ലോഗോ രൂപ കല്പന ചെയ്ത ആർ ടിസ്റ്റ് സുരേഷ് ഉണ്ണി എന്നിവരെ കഥകളി വിദ്യാലയം പ്രസിഡണ്ട് ഡോ.എൻ.വി. സദാനന്ദൻ പൊന്നാട അണിയിച്ച് ആദരിച്ചു. യു. കെ. രാഘവൻ മാസ്റ്റർ, അബ്ദുൾ ഷുക്കൂർ, ഡോ. മധുസൂദനൻ ഭരതാഞ്ജലി, വിജയരാഘവൻ ചേലിയ, അഡ്വ. പി. പ്രശാന്ത്, മനോജ് ഇഗ്ലൂ, കെ.വി അഞ്ജലി, പ്രമോദ് പൊന്മാലേരി എന്നിവർ സംസാരിച്ചു.


ഗായിക ദിവ്യാ കിരൺ കാവ്യാലാപനം നടത്തി. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗിറ്റാർ സോളോ, വയലിൻ വാദനം, ചിത്ര പ്രദർശനം, സംഗീതാർച്ചന, ചെണ്ടമേളം എന്നിവയും അരങ്ങേറി. ഗുരുവിൻ്റെ ആഗ്രഹ സഫലീകരണ പ്രവർത്തനങ്ങളുമായി ചേലിയയെ കഥകളി ഗ്രാമമാക്കി പരിവർത്തിപ്പിക്കുന്ന പ്രക്രിയ ഏറ്റെടുത്തു കൊണ്ട് ഏപ്രിൽ 2 ന് ഓർമ്മ 2022 പരിപാടികൾ സമാപിക്കും.


