യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ ഷനാൻ മില്ലറെ പ്രവാസി സംഘം നേതാക്കൾ സന്ദർശിച്ചു

കൊയിലാണ്ടി: യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ എം.ബി.ബി.എസ്. നാലാംവർഷ വിദ്യർത്ഥി കൊയിലാണ്ടി സ്വദേശി ഉദയത്തിൽ ഷനാൻ മില്ലറെ (26) കേരള പ്രവാസിസംഘം നേതാക്കൾ വീട്ടിലെത്തി സന്ദർശിച്ചു. ജില്ലാ പ്രസിഡണ്ട് മാങ്ങോട്ടിൽ സുരേന്ദ്രൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശ്വാസ വാക്കുകളും സഹായങ്ങളുമായി വീട്ടിലെത്തിയത്. യുക്രൈനെ അക്രമിക്കാനൊരുങ്ങുന്ന റഷ്യയുടെ പ്രഖ്യാപനം വന്ന ഉടനെ തന്നെ നാട്ടിലേക്ക് വരാനൊരുങ്ങിയെങ്കിലും പുറത്തിറങ്ങാനാകാതെ 2 ദിവസം താമസ സ്ഥലത്ത് കുടുങ്ങിക്കിടക്കുകയായിരുന്നും അതിനിടയിൽ കണ്ടത് സിനിമാ രംഗത്തെ വെല്ലുന്ന കാഴ്ചയാണ്. ചീറിപ്പായുന്ന വെടുയുണ്ടകളും, തീ തുപ്പുന്ന മിസൈലുകളും കൺമുമ്പിലൂടെ ഭയപ്പെടുത്തി മുന്നേറുന്ന ഘോര യുദ്ധമാണ് കാണാൻ കഴിഞ്ഞത്. ഇതിതിനിടയിൽ യുക്രൈൻ പോലീസ് സംഘം റഷ്യൻ സേനകൾക്ക് നേരെ നിറയൊഴിക്കുന്ന കാഴ്ചയും ഷനാൻ ജനാലക്കുള്ളിലൂടെ വീഡിയോയിൽ പകർത്തിയിട്ടുണ്ട്.

ജീവൻ അപായത്തിലാണെന്ന് തോനിയ ഓരോ നിമിഷവും നാട്ടിലെത്താനുള്ള കരുതലുമായി സദൈര്യ മുന്നോട്ടേക്ക് നീങ്ങുകയായിരുന്നു. ഓരോ മണിക്കൂർ കൂടുമ്പോഴും നാട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ടുകൊണ്ടേയിരുന്നു. യുക്രൈനിലെ ഒഡേസ എന്ന സ്ഥലത്തുള്ള ഫ്ലാറ്റിലാണ് ഷനാൻ മില്ലറും സഹപാഠികളും താമസിച്ചത്. നാല് വർഷങ്ങളായി ഇവിടെയുള്ള നാട്ടുകാരിൽ പലരെയും നല്ല പരിചയവും നല്ല സുഹൃദ് ബന്ധവും ഉണ്ടാക്കിയിരുന്നു. അവരിൽ ചിലരുടെ സഹായത്തോടെ 45 ഓളം വരുന്ന ഇന്ത്യൻ സംഘം ഒരു ബസ്സിൽ അതിർത്ഥിയിലേക്ക് നീങ്ങി. ഒന്നര മണിക്കൂർ യുദ്ധ ഭൂമിയിലൂടെയുള്ള യാത്ര ഭീകരമായിരുന്നെന്ന് മില്ലെർ പറഞ്ഞു.


വെടിയൊച്ചയും ബോംബിംഗ് വർഷിച്ച പാടുകളുള്ള വഴിയോരങ്ങളിലൂടെയുള്ള യാത്രക്കൊടുവിൽ മോൾഡോവ എന്ന സ്ഥലത്ത് എത്തിച്ചേരുകയായിരുന്നു. തുടർന്ന് ഇന്ത്യൻ എംബസി അംബാസിഡറുമായി ഇവർ ബന്ധപ്പെട്ടതിൻ്റെ ഭാഗമായി ഇവരുടെ സംഘത്തെ റൊമാനിയയിൽ എത്തിക്കുകയും, തുടർന്ന് വൈകീട്ട് 5 മണിക്ക് ടർക്കി വഴി ഡൽഹിയിൽ എത്തിച്ചേരുകയുമായിരുന്നു. തുടർന്ന് കൊച്ചി എയർപോർട്ടിലേക്കും അവിടെ നിന്ന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക ബസ്സിൽ കാസർഗോട്ടേക്കുള്ളയാത്രാമധ്യേ നാട്ടിൽ എത്തിച്ചേരുകയുമായിരുന്നു.


കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് മുൻവശത്തുള്ള ഉദയത്തിൽ ഉദയ കുമാറിൻ്റെയും സ്വർണ്ണലത (ഷൈനി) യുടെയും ഏക മകനാണ് ഷനാൻ മില്ലർ. ഗൾഫിൽ ദമാമിലുള്ള അച്ഛൻ ഉദയകുമാറും അമ്മ സ്വർണ്ണലതയും മകൻ നാട്ടിലെത്തിയ സന്തോഷത്തിലാണിപ്പോൾ. കേരള പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് മാങ്ങോട്ടിൽ സുരേന്ദ്രനൊപ്പം ഏരിയാ സെക്രട്ടറി പി. ചാത്തു, ട്രഷറർ പി.കെ. അശോകൻ, ഏരിയാ കമ്മിറ്റി അംഗം ജയൻ കൽക്കി തുടങ്ങിവരും ഉണ്ടായിരുന്നു. കൊയിലാണ്ടി എം.എൽഎ. കാനത്തിൽ ജമീല, നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ, വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ തുടങ്ങി നിരവധി പേർ വീട്ടിലെത്തി ഷനാനെ സന്ദർശിക്കുകയുണ്ടായി.


