12 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്‌താല്‍ വധശിക്ഷ : ഓര്‍ഡിനന്‍സ് രാഷ്ട്രപതി അംഗീകരിച്ചു

ഡല്‍ഹി: 12 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികള്‍ക്ക് പരമാവധി വധശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതി ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. ആറുമാസത്തിനുള്ളില്‍ ഓര്‍ഡിനന്‍സ് പാര്‍ലമെന്റില്‍ പാസാക്കേണ്ടതുണ്ട്. ജമ്മുവിലെ കഠ്വയില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും ബിജെപിയും പൂര്‍ണമായും പ്രതിരോധത്തിലായതിനെ തുടര്‍ന്നാണ് കേന്ദ്രമന്ത്രിസഭായോഗം കഴിഞ്ഞദിവസം തിരക്കിട്ട് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്.
ഇന്ത്യന്‍ ശിക്ഷാനിയമം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമനിയമം (പോക്സോ നിയമം), ക്രിമിനല്‍ നടപടിക്രമം, തെളിവ് നിയമം തുടങ്ങിയവ ഭേദഗതി ചെയ്യുന്നതാണ് ക്രിമിനല്‍ നിയമ (ഭേദഗതി) ഓര്‍ഡിനന്‍സ്. 12 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികള്‍ക്ക് ജീവപര്യന്തമോ വധശിക്ഷയോ വിധിക്കാമെന്ന് ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു. 12 മുതല്‍ 16 വയസ്സ് വരെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികള്‍ക്കുള്ള കുറഞ്ഞശിക്ഷ 10 വര്‍ഷത്തില്‍നിന്ന‌് 20 വര്‍ഷമായും പരമാവധി ജീവപര്യന്തമായും ഉയര്‍ത്തിയിട്ടുണ്ട്. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന കേസുകളില്‍ നിലവിലുള്ള ഏഴ് വര്‍ഷം തടവ് 10 വര്‍ഷമാക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.

