തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രത്തിൽനിന്ന് ലഭിക്കാനുള്ളത് 1100 കോടി രൂപ

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രത്തിൽനിന്ന് കേരളത്തിന് ലഭിക്കാനുള്ളത് 1100 കോടി രൂപ. കൂലിയിനത്തിൽ 16 ലക്ഷം പേർക്ക് 600 കോടിയും നിർമാണ സാധനങ്ങൾക്കും വിദഗ്ധ തൊഴിലാളികളുടെ കൂലിയുമടക്കം 500 കോടി രൂപയുമാണ് രണ്ടുമാസമായി കുടിശ്ശികയായത്. കൂലി ലഭിക്കാത്തതിനെതുടർന്ന് സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾ ബുധനാഴ്‌ച പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തും.

തൊഴിലുറപ്പ് പദ്ധതിയിൽ ജിയോ ഫെൻസിങ്ങും എൻഎംഎം വഴിയും തൊഴിൽ ദിനങ്ങൾ നിയന്ത്രിക്കുന്ന നടപടി പിൻവലിക്കുക, മിനിമം കൂലി 600 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളും പ്രതിഷേധത്തിൽ പങ്കുചേരണമെന്ന് എൻആർഇജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രനും പ്രസിഡണ്ട് ഗിരിജ സുരേന്ദ്രനും ആവശ്യപ്പെട്ടു.

