കാട്ടാന കൊലപ്പെടുത്തിയ ഓട്ടോറിക്ഷ ഡ്രൈവറുടെ കുടുംബത്തിന് 10 ലക്ഷം കൈമാറി

മൂന്നാർ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ നൽകി. തിങ്കളാഴ്ച രാത്രി കന്നിമല എസ്‌റ്റേറ്റ് ബംഗ്ലാവിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ എസ്‌റ്റേറ്റ് തൊഴിലാളികൂടിയായ എസ് സുരേഷ്‌കുമാർ (മണി -45) ആണ് മരിച്ചത്. മറ്റ് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. മരിച്ച സുരേഷിന്റെ ആശ്രിതർക്ക് അഡ്വ. എ രാജ എംഎൽഎ, ഡീൻ കുര്യാക്കോസ് എംപി , മറ്റ് ജനപ്രതിനിധികൾ എന്നിവർ ചേർന്ന് 10 ലക്ഷത്തിന്റെ ചെക്ക് കൈമാറി.

തിങ്കളാഴ്ച രാവിലെതന്നെ എംഎൽഎ അഡ്വ. എ രാജ ഉൾപ്പെടെയുള്ള നേതാക്കൾ എസിഎഫ് ജോബ് ജെ നെരിയാംപറമ്പിൽ, സബ്‌കലക്ടർ വി എം ജയകൃഷ്‌ണൻ, ഡിവൈഎസ്‌പി എന്നിവരുമായി ചർച്ചനടത്തി. അടിയന്തരമായി സർക്കാർ ധനസഹായവും ആനുകൂല്യങ്ങളും പ്രഖ്യാപിക്കുകയും ചെയ്‌തു. കുടുംബത്തിൽ ഒരാൾക്ക് ജോലിയും പരിക്കേറ്റവർക്ക് ചികിത്സയും വനം വകുപ്പ് ഏറ്റെടുത്തു. കാട്ടാന നശിപ്പിച്ച ഓട്ടോറിക്ഷ വനംവകുപ്പ് നന്നാക്കിനൽകും.

വന്യമൃഗങ്ങളുടെ ആക്രമണം നിയന്ത്രിക്കുന്നതിനും സാന്നിധ്യം കണ്ടെത്തി അറിയിപ്പ് നൽകുന്നതിനും ആർആർടിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നതടക്കമുള്ള കാര്യത്തിലും തീരുമാനമായി. സുരേഷിന്റെ മരണത്തിൽ പ്രതിഷേധിച്ച് മൂന്നാറിൽ എൽഡിഎഫും യുഡിഎഫും തിങ്കളാഴ്‌ച ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. മൃതദേഹം ടാറ്റാ ആശുപത്രിയിലായിരുന്നു. പൊലീസ് ഇൻക്വസ്‌റ്റ് തയ്യാറാക്കിയെങ്കിലും പോസ്‌റ്റുമോർട്ടം നടത്താൻ പ്രതിഷേധക്കാർ ആദ്യം അനുവദിച്ചില്ല.

തുടർന്ന് അഡ്വ. എ രാജ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ അധികൃതരുമായി ചർച്ച നടത്തി. ഉച്ചയോടെ പ്രതിഷേധം അവസാനിപ്പിച്ചു. എന്നാൽ എംപിയുടെ നേതൃത്വത്തിൽ രാഷ്‌ട്രീയ മുതലെടുപ്പിനായി സമരം തുടർന്നു. സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്, എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജ് അടക്കമുള്ള നേതാക്കൾ മൂന്നാറിലെത്തി ഇടപെടൽ നടത്തി. മരിച്ച എസ് സുരേഷ് കുമാറിന്റെ മൃതദേഹം ഉച്ചകഴിഞ്ഞ് കന്നിമല എസ്‌റ്റേറ്റ് പൊതുശ്‌മശാനത്തിൽ സംസ്‌കരിച്ചു. ഭാര്യ: ഇന്ദിര. മക്കൾ: ശരൺ, യോഗേശ്വരൻ.

