10 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഇനിമുതല്‍ എല്‍പിജി സബ്സിഡി ലഭിക്കില്ല

ന്യൂഡല്‍ഹി > പ്രതിവര്‍ഷം 10 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഇനിമുതല്‍ എല്‍പിജി സബ്സിഡി ലഭിക്കില്ല. സബ്സിഡി ലഭിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. . ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍വരും. വരുമാനം സംബന്ധിച്ച സാക്ഷ്യപത്രം ഇതിനായി ഹാജരാക്കണം. എല്‍പിജി ഉപയോക്താക്കളില്‍ ഗണ്യമായ വിഭാഗത്തിന് ഇതോടെ സബ്സിഡി നഷ്ടമാകും.
സബ്സിഡി പൂര്‍ണമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പരിമിതപ്പെടുത്തല്‍. കഴിഞ്ഞ ബജറ്റില്‍ പെട്രോളിയം സബ്സിഡിയിനത്തില്മാത്രം 22,000ല്‍പ്പരം കോടി രൂപയുടെ വെട്ടിക്കുറവ് വരുത്തി. പെട്രോള്‍– ഡീസല്‍ എക്സൈസ് തീരുവ വര്‍ധിപ്പിച്ചതിലൂടെ നടപ്പ് സാമ്പത്തികവര്‍ഷം 30,000 കോടി രൂപയുടെ അധികവരുമാനമാണ് ലഭിക്കുക.

നിലവില്‍ 16.35 കോടി എല്‍പിജി ഗുണഭോക്താക്കളാണുള്ളത്. രംഗരാജന് കമ്മിറ്റി റിപ്പോര്‍ട്ടുപ്രകാരം ഗ്രാമങ്ങളില്‍ പ്രതിദിനം 32 രൂപയും നഗരങ്ങളില്‍ 47 രൂപയും ചെലവഴിക്കാന്‍ ശേഷിയില്ലാത്തവരാണ് ബിപിഎല്‍ പട്ടികയില്‍ വരിക. മൊത്തം 25 കോടിയോളം കുടുംബങ്ങളില്‍ 38 ശതമാനം ദാരിദ്യ്രരേഖയ്ക്കുതാഴെയെന്നാണ് കണക്ക്. ദാരിദ്യ്രരേഖ മാനദണ്ഡമാക്കിയാല്‍ എല്‍പിജി സബ്സിഡി ലഭിക്കുന്നവരുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങുമെന്ന് വ്യക്തം.

