KOYILANDY DIARY

The Perfect News Portal

ഒരു കോടി ലോട്ടറി അടിച്ചു; അതിഥി തൊ‍ഴിലാളി പൊലീസ് സ്റ്റേഷനില്‍ ഓടിക്കയറി

ഒരു കോടി ലോട്ടറി അടിച്ചു; അതിഥി തൊ‍ഴിലാളി പൊലീസ് സ്റ്റേഷനില്‍ ഓടിക്കയറി. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഫിഫ്റ്റി ഫിഫ്റ്റി എഫ് എഫ് 55 ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അർഹനായ പശ്ചിമ ബംഗാൾ സ്വദേശിയായ ബിർഷു റാബയാണ് പേടിച്ച് തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്.

”സർ, മുജേ ബചാവോ..” (എന്നെ രക്ഷിക്കൂ) എന്ന് പറഞ്ഞു ബിർഷു റാബ സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. ആശ്വസിപ്പിച്ച് കാര്യമന്വേഷിച്ചപ്പോഴാണ് ബിർഷു കീശയിൽ നിന്ന് ലോട്ടറി ടിക്കറ്റെടുത്ത് എടുക്കുന്നത്. ഇതോടെ പൊലീസുകാർക്ക് കാര്യം പിടികിട്ടി.

ബമ്പറടിച്ചത് പുറത്തറിഞ്ഞാൽ ആരെങ്കിലും തന്നെ അപായപ്പെടുത്തുമെന്ന് പേടിച്ചാണ് ബിർഷു പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. ടിക്കറ്റ് ഏൽപ്പിക്കാൻ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നൽകണം എന്നുമായിരുന്നു ബിർഷുവിന്‍റെ ആവശ്യം. ബിർഷു പറഞ്ഞത് മുഴുവൻ കേട്ട തമ്പാനൂർ എസ്എച്ച്ഒ പ്രകാശ് ഉടൻ തന്നെ ഫെഡറൽ ബാങ്ക് മാനേജരെ വിളിച്ചു വരുത്തി. ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏൽപ്പിക്കും വരെ ബിർഷുവിനെ സ്റ്റേഷനിൽ ഇരുത്തി.

Advertisements

പണം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ധൂർത്താക്കി കളയരുതെന്ന ഉപദേശം നൽകി, സുരക്ഷിത താമസവും ഒരുക്കിയ ശേഷമാണ് ബിർഷുവിനെ പൊലീസ് സ്റ്റേഷനിൽ നിന്ന് യാത്രയാക്കിയത്. തിങ്കളാഴ്ച തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്‍റെ പക്കൽനിന്നാണ് ബിർഷു സമ്മാനാർഹമായ ടിക്കറ്റെടുത്തത്. വൈകിട്ട് ലോട്ടറിക്കടക്കാരൻ ടിക്കറ്റ് വാങ്ങി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ബിർഷുവിനാണെന്നറിഞ്ഞത്.