ഹരിത കേരളം എക്സ്പ്രസ് വാഹനം നാളെ ജില്ലയില്‍ പര്യടനം നടത്തും

കോഴിക്കോട്: കേരള സര്‍ക്കാര്‍ വിഭാവന ചെയ്ത ഹരിത കേരള മിഷന്റെ പ്രചാരണത്തിനായി ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് നടത്തുന്ന ഹരിത കേരളം എക്സ്പ്രസ് വാഹനം നാളെയും മറ്റന്നാളും ജില്ലയില്‍ പര്യടനം നടത്തും.
നാളെ രാവിലെ 9.30ന് പുതിയ ബസ് സ്റ്റാന്‍ഡില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. ഹരിതകേരളം പദ്ധതിയുടെ ജില്ലാ ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി അധ്യക്ഷത വഹിക്കും. കോര്പറേഷന് കൗണ്‍സിലര്‍മാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തിരുവനന്തപുരത്തു നിന്ന് തുടങ്ങിയ ഹരിത കേരളം എക്സ്പ്രസ് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ പിന്നിട്ടാണ് എത്തുന്നത്. പ്രചാരണ പരിപാടിയില്‍ ഏറ്റവും ശ്രദ്ധേയം നാടന്‍ പാട്ടുകളുടെ അവതരണമാണ്. കടന്പനാട് ജയചന്ദ്രനും സംഘവുമാണ് അവതാരകര്‍. ഹരിത കേരള മിഷന് പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍, മാധ്യമ വാര്‍ത്തകള്‍, സര്‍ക്കാര്‍ പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ എന്നിവ ഹരിത എക്സ്പ്രസ്സില്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. ഹരിത കേരള മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്, കെ.ജെ. യേശുദാസ്, മഞ്ജുവാര്യര്‍ തുടങ്ങിയവരുടെ പ്രസംഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പ്രദര്‍ശനവുമുണ്ട്. 13ന് രാവിലെ 9.30ന് ചെട്ടികുളം സേതു സീതാറാം സ്കൂളില്‍ പര്യടനം തുടങ്ങും. ജില്ലാതല സമാപനം വൈകുന്നേരം അഞ്ചിന് വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ നടക്കും.

