ഹാദിയയുടെ വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണം. ഹാദിയയുടെ വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടായി കാണണമെന്ന് കോടതി വ്യക്തമാക്കി. ഹാദിയയുടെ വിവാഹക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും കോടതി ചൂണ്ടികാട്ടി.

ഹാദിയയുടെ ഇഷ്ടമാണ് പ്രധാനമെന്നും വ്യക്തി സ്വാതന്ത്യം പരമ പ്രധാനമാണെന്നും കോടതി വ്യക്തമാക്കി. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് ഹാദിയ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിവാഹത്തെക്കുറിച്ച് എന്‍ ഐ എ അന്വേഷിക്കേണ്ടതില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച് എങ്ങനെയാണ് വിവാഹം റദ്ദാക്കുന്നതെന്ന ചോദ്യവും സുപ്രീംകോടതി ഉന്നയിച്ചു. ഹാദിയയ്ക്ക് കേസില്‍ കക്ഷിചേരാനുള്ള അനുവാദവും നല്‍കിയിട്ടുണ്ട്. ഹാദിയയ്ക്ക് പറയാനുള്ളത് അടുത്തമാസം 22 നകം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.

അതേസമയം ഷെഫിന് ജഹാനുമായി ബന്ധപ്പെട്ടുള്ള എന്‍ ഐ എ അന്വേഷണം തുടരാമെന്നും പരമോന്നത കോടതി വ്യക്തമാക്കി. ഫെബ്രുവരി 22 ന് കേസ് വീണ്ടും പരിഗണിക്കും.
ഹാദിയയുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ ഷെഫീന്‍ ജഹാന് നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍. നിയമോപദേശം ലഭിച്ച ശേഷം പ്രതികരിക്കുമെന്ന് ഹാദിയയുടെ അച്ഛന് അശോകന് പ്രതികരിച്ചു.
