ഹാക്ക് ചെയ്ത ബിജെപി വെബ്സൈറ്റ് പുനസ്ഥാപിക്കാന്‍ സ്വകാര്യ കമ്പനിയുടെ ടെംപ്ലേറ്റ് മോഷ്ടിച്ചു
ന്യൂഡല്‍ഹി: ഹാക്കര്‍മാര്‍ കൈക്കലാക്കിയ ബിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റ് വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാനായി ആന്ധ്രാപ്രദേശ് ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ടെംപ്ലേറ്റ് മോഷ്ടിച്ചുവെന്ന് ആരോപണം. ‘ഡബ്ല്യൂ3 ലേഔട്ട്സ്’ എന്ന സ്റ്റാര്‍ട്ടപ്പ് കമ്ബനിയാണ് ബിജെപി വെബ്സൈറ്റിനായി തങ്ങളുടെ ടെംപ്ലേറ്റ് ക്രെഡിറ്റ് നല്‍കാതെ ഉപയോഗിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ രണ്ടാഴ്ചയോളം പ്രവര്‍ത്തിക്കാതെ കിടന്ന വെബ്സൈറ്റ് കഴിഞ്ഞ വ്യാഴാഴ്ചയാണ് വീണ്ടും പ്രവര്‍ത്തനസജ്ജമായത്. എന്നാല്‍ പുതിയ സൈറ്റിനായി തങ്ങളുടെ ടെംപ്ലേറ്റ് അനുവാദമില്ലാതെ ഉപയോഗിച്ചെന്നും അതില്‍ നിന്ന് കമ്ബനിയുടെ പേര് മനഃപൂര്‍വ്വം എടുത്തുമാറ്റിയെന്നും ‘ഡബ്ല്യൂ3 ലേഔട്ട്’ പറയുന്നു.

ടെംപ്ലേറ്റുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ വേണ്ടിയാണ് നിര്‍മിച്ചിട്ടുള്ളതെങ്കിലും പേജിന് ഏറ്റവും അടിയിലായി കമ്ബനിയുടെ പേര് ഉണ്ടായിരുന്നു. ഇതാണ് ബിജെപി എടുത്തു മാറ്റിയത്. പേര് എടുത്തുനീക്കിയെങ്കിലും സോഴ്സ് കോഡിലൂടെ ഇത് തങ്ങളുടെ ടെംപ്ലേറ്റ് തന്നെയാണെന്ന് വ്യക്തമായെന്നും കമ്ബനി പറയുന്നു. എന്നാല്‍ ഇത് ബിജെപിയെ അറിയിച്ചപ്പോള്‍ മറുപടി ഉണ്ടാവുകയല്ല മറിച്ച് സോഴ്സ് കോഡ് തിരുത്തുകയാണ് ചെയ്തതെന്നും കമ്പനി കുറിച്ചു.

സ്വയം രാജ്യത്തിന്റെ കാവല്‍ക്കാരനെന്ന് വിളിക്കുന്ന ഒരു നേതാവുള്ള രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടി ഒരു ചെറിയ കമ്ബനിയുടെ വിയര്‍പ്പും ചോരയും കൊടുത്തുണ്ടാക്കിയ ഒരു കാര്യം മോഷ്ടിച്ചത് ഞങ്ങള്‍ക്ക് അത്ഭുതമായിട്ടാണ് തോന്നിയത്. ഒപ്പം ചതി കണ്ടുപിടിച്ചപ്പോള്‍ അവഗണിക്കുകയും ചെയ്തു.

ബിജെപി ഐടി സെല്‍ ഞങ്ങള്‍ നിര്‍മിച്ച ടെംപ്ലേറ്റ് ഉപയോഗിച്ചതില്‍ ആദ്യം തങ്ങള്‍ സന്തോഷവാന്മായിരുന്നുവെന്ന് കമ്പനി പറഞ്ഞു. പക്ഷേ പിന്നീടാണ് പണമോ, ക്രെഡിറ്റോ നല്‍കാതെ അതില്‍ നിന്ന് തങ്ങളുടെ പേര് തന്നെ നീക്കം ചെയ്തത് കാണുന്നത്. ടെംപ്ലേറ്റിന് നന്ദി പറയുക മാത്രമാണ് വേണ്ടത്. അങ്ങനെയെങ്കില്‍ സൗജന്യമായി തങ്ങള്‍ തന്നെ ബാക്ക്ലിങ്ക് ഒഴിവാക്കി തന്നേനെ, പക്ഷേ ഇവിടെ നിങ്ങള്‍ അതിന് നില്‍ക്കാതെ ഞങ്ങളുടെ കോഡ് മാറ്റി പേജിന്റെ ഭംഗി തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും കമ്ബനി പറഞ്ഞു.
കോണ്‍ഗ്രസ് വക്താവും നടിയുമായ ദിവ്യ സ്പന്ദനയും വിഷയം ആയുധമാക്കിയിട്ടുണ്ട്. മാര്‍ച്ച് അഞ്ചിനാണ് ബിജെപി വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. തുടര്‍ന്ന് രണ്ടാഴ്ചയോളം പേജ് പ്രവര്‍ത്തിക്കാതിരുന്നതിനെ അപഹസിച്ച് കോണ്‍ഗ്രസും മറ്റുള്ളവരും രംഗത്തു വന്നിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചുകൊണ്ട് പേജ് വീണ്ടും പ്രവര്‍ത്തിക്കാനാരംഭിച്ചത്.
