KOYILANDY DIARY.COM

The Perfect News Portal

സ്വരാജ്യത്തില്‍നിന്നും സുരാജ്യത്തിലേക്കു മാറണമെന്ന് പ്രധാനമന്ത്രി

ഡല്‍ഹി:  ഇന്ത്യയെ മഹത്തരമാക്കുകയെന്ന കടമ നിറവേറ്റാന്‍ സ്വരാജ്യത്തില്‍നിന്നും സുരാജ്യത്തിലേക്കു മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 70-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സുരാജ്യമെന്നാല്‍ ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതാവണം. അതിനാലാണ് നയങ്ങളെ കുറിച്ചു മാത്രമല്ല, ലക്ഷ്യങ്ങളെ കുറിച്ചും സംസാരിക്കുന്നത്. സുരാജ്യം വരണമെങ്കില്‍ മികച്ച ഭരണനിര്‍വഹണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിന് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ മഹത്തരമാക്കുക എന്നത് ഓരോരുത്തരുടേയും കടമയാണ്. ജനവികാരം മാനിച്ചാകണം രാജ്യത്തെ ഭരണം. ഇന്ത്യയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 125 കോടി തലച്ചോറുകള്‍ രാജ്യത്തുണ്ട്. അത് പരമാവധി വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമൂഹിക മാറ്റത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി 70,000ല്‍ അധികം ഗ്രാമങ്ങള്‍ തുറസ്സായ മല – മൂത്ര വിസര്‍ജനത്തില്‍നിന്നു മാറി. വൈദ്യുതി വിതരണ ലൈനുകള്‍ ഇടുന്നത് 50,000 കിലോമീറ്ററായി വര്‍ധിപ്പിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ഇത് 30,000 , 35,000 കിലോമീറ്ററുകള്‍ മാത്രമായിരുന്നു. ജോലിയുടെ വേഗത വര്‍ധിപ്പിക്കണം. എല്‍.ഇ.ഡി ബള്‍ബുകളുടെ വില 350 രൂപയായിരുന്നത് 50 രൂപയാക്കി കുറച്ചു. 13 കോടി ബള്‍ബുകളാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്. ഇനിയും 77 കോടി ബള്‍ബുകള്‍ കൂടി വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കാര്‍ഷിക വിള വര്‍ധിപ്പിക്കുന്നതിലും സര്‍ക്കാര്‍ വിജയിച്ചു. ഓരോ തുള്ളി വെള്ളത്തില്‍നിന്നും കൂടുതല്‍ വിളവുനേടുകയാണ് വേണ്ടത്. ഈ വര്‍ഷം നല്ല മഴ ലഭിച്ചതിനാല്‍ ധാന്യങ്ങളുടെ ലഭ്യത ഒന്നരയിരട്ടി വര്‍ധിച്ചു. എന്റെ രാജ്യത്തെ കര്‍ഷകര്‍ക്ക് ആവശ്യത്തിനു വെള്ളം ലഭിക്കുകയാണെങ്കില്‍ മണ്ണിനെ പൊന്നാക്കാന്‍ കഴിയും.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് 10% ആയിരുന്ന വിലക്കയറ്റം ഇപ്പോള്‍ ആറു ശതമാനത്തിലധികമാകാന്‍ അനുവദിക്കാറില്ല. ക്ഷാമത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷം വിലക്കയറ്റത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടു. വിലക്കയറ്റം പാവപ്പെട്ടവരുടെ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ ഞാന്‍ കഠിനാധ്വാനം ചെയ്യും.സാധാരണക്കാരന്റെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ വരുത്തിയത്. ഭരണം കാര്യക്ഷമമാക്കുന്നതില്‍ പുരോഗതിയുണ്ടായി. റെയില്‍വേ, പാസ്പോര്‍ട് വിതരണം എന്നിവ മെച്ചപ്പെടുത്തി. യുപിഎയുടെ പത്തു വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി റെയില്‍വേ ലൈനുകള്‍ കമ്മിഷന്‍ ചെയ്തു.ആധാറുമായി 70 കോടി ജനങ്ങളെ ബന്ധിപ്പിച്ചു. കഴിഞ്ഞ 60 വര്‍ഷമായി 14 കോടി ജനങ്ങള്‍ക്കാണ് ഗ്യാസ് കണക്ഷനുകള്‍ നല്‍കിയത്. ഇന്ന് 60 ആഴ്ച കൊണ്ട് നാലു കോടി ജനങ്ങള്‍ക്കു കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഊര്‍ജോത്പാദനത്തിലും വന്‍ കുതിപ്പാണുണ്ടായത്. പതിനായിരം ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തിച്ചു. 21 കോടി ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. രാജ്യത്തുനിന്നു നിരാശാഭാവം മാറ്റാനായെന്നും പ്രധാനമന്ത്രി പറഞ്ഞു.

Advertisements
Share news