സ്വകാര്യവല്‍ക്കരണം:റെയില്‍വേയില്‍ നിര്‍ബന്ധിത വിരമിക്കല്‍; 55 വയസ് പിന്നിട്ടവരെ ഒഴിവാക്കാന്‍ കണക്കെടുപ്പ്

മലപ്പുറം: റെയില്‍വേയില്‍ നിര്‍ബന്ധിത വിരമിക്കലിന് ജീവനക്കാരുടെ കണക്കെടുപ്പ്. 55 വയസ് പൂര്‍ത്തിയാക്കിയവരെ കാര്യക്ഷമതയുടെ പേരില്‍ ഒഴിവാക്കാനാണ് നീക്കം. 60 വയസാണ് റെയില്‍വേയില്‍ വിരമിക്കല്‍ പ്രായം.സ്വകാര്യവല്‍ക്കരണത്തിനുമുന്നോടിയായാണ് ജീവനക്കാരുടെ എണ്ണം കുറയ്‌ക്കാനുള്ള തീരുമാനം.
ഈമാസം മുതല്‍ ജീവനക്കാരുടെ മികവ് വിലയിരുത്തി പട്ടിക തയാറാക്കണമെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. ജനറല്‍ മാനേജര്‍മാര്‍, ഡെപ്യൂട്ടി മാനേജര്‍ എന്നിവരടക്കമുള്ള ഉന്നത മേധാവികള്‍ക്കാണ് നിര്‍ദേശം. ജീവനക്കാരുടെ കണക്കെടുക്കാന്‍ ജൂണ്‍ 20നാണ് റെയില്‍വേ ഉത്തരവിറക്കിയത്.

എല്ലാ സോണലുകളില്‍നിന്നുമുള്ള കണക്ക് എല്ലാമാസവും എട്ടിന് മെയിലിലും ഫാക്‌സിലും റെയില്‍വേ ബോര്‍ഡിന് അയക്കണമെന്നാണ് സര്‍ക്കുലറില്‍. എട്ടിനുതന്നെ കണക്ക് അയക്കുന്നത് കര്‍ശനമാക്കണം. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുകയോ 55 വയസ് തികയുകയോ ആയവരുടെ കാര്യക്ഷമത വിലയിരുത്തിയാണ് പട്ടിക തയാറാക്കുക. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കും.

റെയില്‍വേ ഭരണസംവിധാനം ശക്തിപ്പെടുത്തുകയാണ് നിര്‍ബന്ധിത വിരമിക്കലിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് റെയില്‍വേയുടെ അവകാശവാദം. ഇത് പൊള്ളയാണെന്ന് റെയില്‍വേയുടെ മുന്‍തീരുമാനം തന്നെ തെളിവ്. അതീവസുരക്ഷാ മേഖലകളില്‍പോലും 60 വയസ് കഴിഞ്ഞ വിരമിച്ച ജീവനക്കാരെയാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. സ്ഥിരം ജീവനക്കാരെ കുറക്കുന്നതിന്റെ ഭാഗമായാണ് വിരമിച്ചവരെ വീണ്ടും നിയമിക്കല്‍.

ജീവനക്കാരുടെ ഒഴിവുകള്‍ നികത്താതിരിക്കാനും സ്വകാര്യവല്‍ക്കരണം വരുമ്ബോള്‍ പിരിച്ചുവിടല്‍ ഒഴിവാക്കാനുമാണ് നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പെടുത്തുന്നതെന്നാണ് വിവരം. കേന്ദ്ര സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്നുണ്ട്. പാസഞ്ചര്‍ സര്‍വീസുകള്‍ സ്വകാര്യ മേഖലയ്‌ക്ക് കൈമാറാനും കോച്ച് ഫാക്ടറികള്‍ കോര്‍പറേറ്റുകളെ ഏല്‍പ്പിക്കാനും കര്‍മപരിപാടി ലക്ഷമിടുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കല്‍.
