സ്റ്റാര്‍ട്ടപ്പ് വില്ലേജ് സംരംഭകത്വ പദ്ധതിക്ക് തുടക്കമായി

തൃശൂര്‍: സൂക്ഷ്മ സംരംഭങ്ങളുടെ പ്രോത്സാഹനത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് സംരംഭകത്വ പദ്ധതിക്ക് കൊടകര ബ്ലോക്കില്‍ തുടക്കമായി. കൊടകര ബ്ലോക്കിലെ 7 പഞ്ചായത്തുകളിലായി അടുത്ത 4 വര്‍ഷത്തിനകം 1746 സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിക്കായി 5.29 കോടി രൂപയാണ് വകയിരുത്തിയിട്ടുണ്ട്.
കുടുംബശ്രി മുഖേനയാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വ്വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷയായി. പദ്ധതി രേഖ പ്രകാശനം കുടുംബശ്രീ ഗവേര്‍ണിങ്ങ് ബോഡി മെമ്ബര്‍ ഷില വിജയകുമാര്‍ നിര്‍വ്വഹിച്ചു.

കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ്‌കുമാര്‍ പദ്ധതി വിശദികരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അമ്പിളി ശിവരാജന്‍, കെ രാജേശ്വരി, ജില്ലാ പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് ബൈജു സ്വാഗതവും കുടുംബശ്രീ അസി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

