സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി

കൊയിലാണ്ടി; ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്തോട് കൂടി നടന്ന സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി.
കഴിഞ്ഞ ഒരാഴ്ചക്കാലമായി നടന്നു വന്നപ്രചാരണ പ്രവർത്തനങ്ങൾ കലാശക്കൊട്ടോട് കൂടി സമാപിച്ച് കുട്ടി വോട്ടർമാർ പോളിംഗ് ബൂത്തിലേക്കെത്തി;

തെരഞ്ഞെടുപ്പ് വരണാധികാരിക്ക് നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നത് മുതൽ സ്ഥാനാർത്ഥി നിർണ്ണയം, പ്രചാരണം, തെരഞ്ഞെടുപ്പിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, പ്രിസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തിലുള്ള പരീശീലനം ലഭിച്ചപോളിംഗ് ഓഫീസർമാർ, ക്രമസമാധാന പാലനത്തിന് പോലീസുകാർ, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഷൂട്ട് ചെയ്യാൻ ചാനൽ സംഘം, തെരഞ്ഞെടുപ്പ് നിരീക്ഷകർ, തെരഞ്ഞെടുപ്പ് ഏജന്റുമാർ തുടങ്ങി വോട്ടെണ്ണി ഫല പ്രഖ്യാപനം നടത്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾ യഥാർത്ത തെരഞ്ഞെടുപ്പിന്റെ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് കൊണ്ട് പൂർണ്ണമായും കുട്ടികളുടെ നേതൃത്വത്തിലായിരുന്നു നടന്നത്.
മെഹറിന്റെ നേതൃത്വത്തിലുള്ള പോളിംഗ് ഓഫീസർമാരും, മാനസിന്റെ നേതൃത്വത്തിലുള്ള പോലീസുകാരും, അദ്വൈതിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് ഏജന്റുമാരും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
മൂടാടി കൃഷി ഓഫീസർ കെ.വി.നൗഷാദ്, കൃഷി അസിസ്റ്റന്റ് പി.നാരായണൻ എന്നിവർ തെരഞ്ഞെടുപ്പ് നിരീക്ഷകരായെത്തി. വോട്ടെണ്ണി ഫലപ്രഖ്യാപനം നടത്തിയപ്പോൾ തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിയെ 18 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ ഹൈഫ ഖദീജയെ സ്കൂൾ ലീഡറായി പ്രഖ്യാപിക്കപ്പെട്ടു.
പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് ടീച്ചർ സത്യവാചകം ചൊല്ലിക്കൊടുത്തു.സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ട ഹൈഫ ഖദീജക്കും, ഡപ്യൂട്ടി ലീഡറായി തെരഞ്ഞെടുക്കപ്പെട്ട ധനഞ്ജയ് എസ് വാസിനും PTA പ്രസിഡന്റ് എൻ.ശ്രീഷ്ന ഉപഹാര സമർപ്പണം നടത്തി.
