സി.പി.ഐ.(എം) കൊയിലാണ്ടി നോർത്ത് ലോക്കൽ കമ്മിറ്റി പുനസംഘടിപ്പിച്ചു

കൊയിലാണ്ടി: സി. പി. ഐ. (എം) കൊയിലാണ്ടി നോർത്ത് ലോക്കൽ കമ്മിറ്റി പുനസംഘടിപ്പിച്ചു. കഴിഞ്ഞ പാർട്ടി സമ്മേളനോടനുബന്ധിച്ച് ഉണ്ടായ സംഘടനാ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിന്റെ ഭാഗമായി ലോക്കൽ കമ്മിറ്റി പിരിച്ചു വിടുകയും CPI(M) ഏരിയാ കമ്മിറ്റി അംഗം സി. അശ്വനീദേവിനെ കൺവീനറാക്കിയുള്ള അഡ്‌ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തുകയുമായിരുന്നു.
സി.പി.ഐ(എം) ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് ചേർന്ന പാർട്ടി ജനറൽബോഡി യോഗത്തിൽ കൊയിലാണ്ടി നോർത്ത് ലോക്കൽ കമ്മിറ്റിയെ പതിനൊന്ന് അംഗങ്ങളടങ്ങിയ രണ്ട് ലോക്കൽ കമ്മിറ്റികളായി വിഭജിച്ചു.

സി. ഐ. ടി. യു. നേതാവ് എം. പത്മനാഭൻ സെക്രട്ടറിയായ കൊല്ലം ലോക്കൽ കമ്മിററിയും, കൊയിലാണ്ടി നഗരസഭാ കൗൺസിലറും മുൻ ഡി. വൈ. എഫ്. ഐ. നേതാവുമായ കെ. ടി. സിജേഷ് സെക്രട്ടറിയുമായ ആനക്കുളം ലോക്കൽ കമ്മിറ്റിയുമാണ് പുതുതായി നിലവിൽവന്നത്.

പന്തലായനി നോർത്ത്, ഗേൾസ് സ്‌കൂൾ എന്നീ രണ്ട് ബ്രാഞ്ചുകൾ കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയിൽ ലയിപ്പിക്കാനും രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തി സെൻട്രൽ ലോക്കൽ കമ്മിറ്റി പുനസംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.

സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി അംഗം കെ. ദാസൻ എം. എൽ. എ., ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്, കമ്മിറ്റി അംഗങ്ങളായ ടി. കെ. ചന്ദ്രൻ മാസ്റ്റർ, സി. അശ്വനീദേവ്, എ. എം. സുഗതൻ. മാസ്റ്റർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
