സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍

മലപ്പുറം: സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഭരണം നടത്തിയ ഒരു കാലമുണ്ടായിരുന്നു. അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരം യുഡിഎഫില്‍ എന്നുമുണ്ട്. ഒരു നല്ല നേതാക്കള്‍ ഉള്ള പാര്‍ട്ടിയാണ് സിപിഐ. സിപിഎമ്മിനുണ്ടായ അധപതനത്തില്‍ ഇടതുപക്ഷത്തെ സുമനസുകള്‍ ആശങ്കയിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
മലപ്പുറത്ത് ഡിസിസി സംഘടിപ്പിച്ച ജില്ലാ നേതൃ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയില്‍ സിപിഐയുമായി കൂട്ടുകൂടാന്‍ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച മുല്ലപ്പള്ളി സിപിഎമ്മിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. എംഎല്‍എയുടെ എല്ല് പൊട്ടിയോ ഇല്ലയോ എന്നതിനെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം.

തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ അനില്‍ അക്കര നടത്തിയ പരാമര്‍ശങ്ങളേയും മുല്ലപ്പള്ളി പരോക്ഷമായി വിമര്‍ശിച്ചു. വേറെ ഏതെങ്കിലും പാര്‍ട്ടിക്കാര്‍ അവരുടെ നേതാവിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നില്ല. കോണ്‍ഗ്രസ് നേതാക്കന്മാരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കാന്‍ നിന്നാല്‍ ഈ പാര്‍ട്ടിയുടെ ഗതിയെന്താകുമെന്നും മുല്ലപ്പള്ളി ചോദിച്ചു.

ഫേസ്ബുക്കിലെ അപകീര്‍ത്തി നാടകത്തില്‍ പാര്‍ട്ടിയിലെ നേതാക്കള്‍ക്കും പങ്കുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. നേതാക്കന്‍മാരെ വിമര്‍ശിക്കാന്‍ പാര്‍ട്ടിയുടെ ആഭ്യന്തര സംഘടനാ സംവിധാനമാണ് ഉപയോഗപ്പെടുത്തേണ്ടത്. സോഷ്യല്‍ മീഡിയയുടെ സാധ്യത നന്നായി ഉപയോഗിക്കുകയാണ് വേണ്ടത്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ കൈമുറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

