സവാള നല്‍കിയില്ല: യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

തിരുവനന്തപുരം: ഭക്ഷണത്തോടൊപ്പം സവാള അരിഞ്ഞത് നല്‍കാത്തതിന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ചീനച്ചട്ടികൊണ്ട് ബീഹാര്‍ സ്വദേശിയായ ജീവനക്കാരന്റെ തല അടിച്ചു പൊട്ടിച്ചു. വഞ്ചിയൂര്‍ കൈതമുക്കിലെ വെട്ടുകാട്ടില്‍ ഹോട്ടലാണ് സംഭവം. മദ്യപിച്ചെത്തിയ യുവാക്കളാണ് അക്രമം നടത്തിയത്.
രാത്രി എട്ടിന് ഭക്ഷണം കഴിക്കാനെത്തിയവര്‍ അപ്പവും ചാറുമാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് മൂന്ന് പ്രാവശ്യം സവോള ആവശ്യപ്പെട്ടു. നാലാമതും സവോള ചോദിച്ചപ്പോള്‍ വിലകൂടുതലാണെന്ന് പറഞ്ഞതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ ഇരുമ്ബ് കസേരകൊണ്ട് കട തല്ലി തകര്‍ക്കുകയും ബീഹാറി സ്വദേശിയായ ജീവനക്കാരന്റെ തല ചീനച്ചട്ടികൊണ്ട് അടിച്ചു തകര്‍ക്കുകയുമായിരുന്നു. പരുക്കേറ്റ ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡിവൈഎഫ്‌ഐ വഞ്ചിയൂര്‍ മേഖല കമ്മിറ്റി പ്രസിഡന്റായ രഞ്ജിത്ത് സെക്രട്ടറി ദിനീത്, മേഖലാ ട്രഷറര്‍ അജിത്ത് എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് കടയുടമ പറഞ്ഞു. വഞ്ചിയൂര്‍ പോലീസില്‍ ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്.

