സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ പ്രവേശനം നേടിയ എല്ലാ കുട്ടികളും ഇന്‍ഷുറന്‍സ് പരിരക്ഷ

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസമേഖലയിലെ ഒന്നുമുതല്‍ പത്തുവരെ ക്ളാസുകളിലുള്ള 35 ലക്ഷം കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അപകടം സംഭവിച്ച് മരിച്ചാല്‍ 50,000 രൂപയും പരിക്ക് പറ്റിയാല്‍ പരമാവധി 10,000 രൂപയും ഇന്‍ഷുറന്‍സ് തുകയായി നല്‍കും. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപകടമരണം സംഭവിച്ചാല്‍ 50,000 രൂപ കുട്ടിയുടെ പേരില്‍ സ്ഥിരനിക്ഷേപം നടത്തി അതിന്റെ പലിശ ആ കുട്ടികളുടെ തുടര്‍പഠനത്തിന് ഉപയോഗിക്കാം. സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ പ്രവേശനം നേടിയ എല്ലാ കുട്ടികളും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ വരും.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ എല്ലാ സ്കൂള്‍ വിദ്യാര്‍ഥികളെയും ഇന്‍ഷുറന്‍സ് സംരക്ഷണത്തില്‍ കൊണ്ടുവരുന്നത്. സ്കൂള്‍കുട്ടികള്‍ക്ക് എവിടെവച്ച് പരിക്കേറ്റാലും ചികിത്സ ഉറപ്പാക്കുന്ന പദ്ധതിക്ക് ആവശ്യമായ തുക മുഴുവന്‍ സര്‍ക്കാര്‍ വഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ഇതിന് പ്രത്യേക സെല്‍ തുറക്കും. സര്‍ക്കാര്‍ അനുവദിക്കുന്ന തുക ഡിപിഐയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സെല്‍ മുഖേനയാണ് വിതരണം ചെയ്യുക. കുട്ടികള്‍ക്ക് പ്രത്യേക രജിസ്ട്രേഷനും ആവശ്യമില്ല. മന്ത്രിസഭാതീരുമാനം ഉത്തരവായി ഇറങ്ങുന്നമുറയ്ക്ക് കുട്ടികളെ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ ‘ദേശാഭിമാനി’ യോട് പറഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കുണ്ടാകുന്ന പരിക്കുകള്‍ സാമ്പത്തികപ്രയാസംമൂലം പലപ്പോഴും അവഗണിക്കുന്നു. ഇതുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന ദുരിതവും പരിക്ക് ഗുരുതരമായി മാറുന്ന സ്ഥിതിയും ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ മുന്‍കൈയെടുത്തത്.

രണ്ടാംഘട്ടമായി സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും ഉടന്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എല്ലാവര്‍ക്കും യൂണിഫോമിന് 73 കോടിയോളം രൂപ ചെലവഴിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്‍ഷുറന്‍സ്.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിക്ക് പണംതട്ടാനുള്ള പദ്ധതിയായി, കുട്ടികള്‍ക്ക് പേരിന് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ നീക്കം നടത്തിയിരുന്നു. ചുമതല ഏറ്റെടുത്ത കമ്പനി പദ്ധതി ലാഭമാകില്ലെന്ന് മനസ്സിലാക്കി പിന്‍വലിഞ്ഞു. കമ്പനി ആവശ്യപ്പെട്ട തുകയ്ക്ക്, ഭരണത്തിലെ ഉന്നതര്‍ കമീഷന്‍ ആവശ്യപ്പെട്ടതാണ് പിന്മാറ്റത്തിന് കാരണമെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതി സര്‍ക്കാര്‍ ഒരു കമ്പനിയെയും ഏല്‍പ്പിക്കില്ല.
