സംസ്‌ഥാനത്ത് പെണ്‍കുട്ടികളുടെ ഹോസ്‌റ്റല്‍ സമയം നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലും സര്‍വ്വകലാശാലകള്‍ക്ക് കീഴിലുമുള്ള വനിതാ ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പ്രവേശന സമയം രാത്രി 9.30 വരെ നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
വഴുതയ്ക്കാട് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളുടെയും തൃശൂരിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനികളുടെയും അപേക്ഷകള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ കയറാനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ട് വിവിധ കോളജുകളില്‍ വിദ്യാര്‍ത്ഥിനികളും സംസ്ഥാനത്തുടനീളം സമരം ചെയ്തിരുന്നു.

തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിനികളുടെ സമരത്തെ തുടര്‍ന്ന് കോളേജിലെ ഹോസ്റ്റല്‍ സമയം 9.30 വരെ നീട്ടുകയും ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ നടപടി. ഹോസ്‌റ്റലിലെ സമയ പരിമിതി മൂലം പഠനാവശ്യങ്ങള്‍ക്കായി ലാബ്, ലൈബ്രറി സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ആവശ്യത്തിന് സമയം ലഭിക്കുന്നില്ലെന്ന് പരാതിയില്‍ കാണിച്ചിരുന്നു.

കോളേജ് ഹോസ്‌റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ പോലെ തുല്യ അവകാശത്തിന് അര്‍ഹരാണെന്ന് ഹൈക്കോടതിയും നീരീക്ഷിച്ചിരുന്നു. തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജിലെ വനിതാ ഹോസ്‌റ്റലിലെ നിയന്ത്രണങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. ഹോസ്‌റ്റലിലെ പെണ്‍കുട്ടികള്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനും സിനിമ കാണുന്നതിനും നിരോധിച്ചുള്ള നിയന്ത്രണങ്ങള്‍ക്കാണ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയത്.
