KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന സ്കൂള്‍ കലോല്‍സവം ആലപ്പുഴയില്‍ തന്നെ നടത്താന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബറില്‍ ആലപ്പുഴയില്‍ തന്നെ നടത്താന്‍ തീരുമാനം. സ്പെഷ്യല്‍ സ്കൂള്‍ കലോല്‍സവം ഒക്ടോബറില്‍ കൊല്ലത്തും നടത്തും. ശാസ്ത്രോല്‍സവം നവംബറില്‍ കണ്ണൂരിലും കായികോല്‍സവം ഒക്ടോബര്‍ അവസാനം തിരുവനന്തപുരത്തും നടത്തും. മേളകളുടെ ദിവസങ്ങള്‍ കുറയ്ക്കാനും ഘോഷയാത്രയും പന്തലുകളും ഒഴിവാക്കാനും തീരുമാനമായി.പരമാവധി ചെലവുകുറച്ചാകും മേളകള്‍ സംഘടിപ്പിക്കുകയെന്ന്‌ വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

പ്രളയ‌ക്കെടുതിയുടെ പശ്ചാത്തലത്തില്‍ സ‌്കൂള്‍ കലോത്സവം ആര്‍ഭാടരഹിതമായി എങ്ങനെ സംഘടിപ്പിക്കാമെന്ന‌് തീരുമാനിക്കാന്‍ കലോത്സവ മാന്വല്‍ കമ്മിറ്റി തിങ്കളാഴ‌്ച രാവിലെ 10ന‌് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ചേരും. ദേശീയമത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും ഗ്രേസ‌് മാര്‍ക്ക‌് ലഭിക്കുന്നതിനുമായി ആഘോഷങ്ങള്‍ ഒഴിവാക്കി സ‌്കൂള്‍ മേളകള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന കലോത്സവവേദി ആലപ്പുഴയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട‌്. അല്ലാത്തപക്ഷം തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലാ ആസ്ഥാനങ്ങള്‍ പരിഗണിച്ചേക്കും.

ഗ്രേസ‌് മാര്‍ക്ക‌് ഇല്ലാത്ത എല്‍പി, യുപി കലോത്സവങ്ങള്‍ സ‌്കൂള്‍ തലത്തില്‍ ഒതുങ്ങും. ഉപജില്ലാ, ജില്ലാ, സംസ്ഥാന മത്സരങ്ങളില്‍ ഉദ‌്ഘാടനവും സമാപനസമ്മേളനവും ഉണ്ടാകില്ല. സംസ്ഥാന കലോത്സവത്തില്‍ സംഘാടകസമിതികളുടെ എണ്ണം മൂന്നിലൊന്നായി കുറച്ചേക്കും. സ്വീകരണ കമ്മിറ്റി മുതല്‍ മീഡ‌ിയാ കമ്മിറ്റികള്‍വരെ പല സമിതികളും ഉണ്ടാകില്ല. കലോത്സവ വേദികളില്‍ സദ്യ ഉണ്ടാകില്ല. എന്നാല്‍, പൊതുജനപങ്കാളിത്തത്തോടെ ഭക്ഷണമൊരുക്കുന്നത‌് ആലോചിക്കും. പ്രധാനവേദിക്കായി ലക്ഷങ്ങള്‍ മുടക്കിയുള്ള പന്തല്‍ ഉണ്ടാകില്ല. വേദികളുടെ എണ്ണം കുറയ‌്ക്കും. കൂടുതല്‍ ഹാളുകളും കലാലയങ്ങളുമുള്ള നഗരങ്ങളെയാണ‌് വേദിക്കായി പരിഗണിക്കുന്നത‌്. മുഴുവന്‍ കലോത്സവ വേദികളിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് തുക സ്വരൂപിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട‌്.

Advertisements

ഈ വര്‍ഷം കലോത്സവ മാന്വലില്‍ വരുത്തേണ്ട മാറ്റങ്ങളും വിവിധ തലങ്ങളിലെ മേളകളുടെ തീയതിയും തിങ്കളാഴ‌്ച നിശ്ചയിക്കും. കലോത്സവം ഏപ്രിലിലേക്ക‌് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും ലോക‌്സഭാ തെരഞ്ഞെടുപ്പിലേക്ക‌് കടക്കുന്നതിന‌ാല്‍ ഇതിന‌് അംഗീകാരം ലഭിക്കാനിടയില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *