സംസ്ഥാനത്തെ 45000 ക്ലാസ് മുറികൾ ഈ വർഷം ഹൈടെക് ആക്കും: ജെ. മേഴ്‌സികുട്ടിയമ്മ

വടകര: പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 45000 ക്ലാസ് മുറികൾ ഈ വർഷം ഹൈടെക് ആക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ പറഞ്ഞു. അഴിയൂർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ അറുപതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ഒരു വർഷം കൊണ്ട് വിദ്യാഭ്യാസം,ആരോഗ്യം,വൈദ്യുതി മേഖലകളിലടക്കം വാഗ്ദാനങ്ങൾ നിറവേറ്റാനും അഴിമതി രഹിത ഭരണം കാഴ്ചവെക്കാനും കഴിഞ്ഞതായി മന്ത്രി പറഞ്ഞു. തീരദേശ വികസന കോർപ്പറേഷനിൽ നിന്ന് ഈ വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ഫണ്ട് അനുവദിക്കും.

വിദ്യാഭ്യാസനിലവാരം ഉയർന്നതോടെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമായി മാറിയിരിക്കയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിരമിക്കുന്ന പ്രധാന അദ്ധ്യാപിക പി.കെ.വിജയലക്ഷ്മിക്ക് യാത്രയയപ്പ് നൽകി. സ്കൂളിൽ നിന്ന് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

സി.കെ.നാണു എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയൂബ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ,എ.ടി.ശ്രീധരൻ,കെ.വത്സൻ, റീന രയരോത്ത്,ജാസ്മിന കല്ലേരി, നിഷ പറമ്പത്ത്, വി.പി. സുരേന്ദ്രൻ, സാഹിർ പുനത്തിൽ, പാമ്പളളി ബാലകൃഷ്ണൻ, കാസിം നെല്ലോളി,പ്രദീപ് ചോമ്പാല, കെ.പി. പ്രമോദ്, പി.എം. അശോകൻ, കെ.വി. രാജൻ, സി. സുഗതൻ, സാലിം അഴിയൂർ, മുബാസ് കല്ലേരി, കെ. ശുഹൈബ്, എ. വിജയരാഘവൻ. കെ.പ്രേമലത എന്നിവർ സംസാരിച്ചു.

