KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിൽ 12ൽ 8ഉം കരസ്ഥമാക്കി LDF മികച്ച വിജയം നേടി

കൊച്ചി: സംസ്ഥാനത്തെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയം. പത്തനംതിട്ടയില്‍ യുഡിഎഫ് പഞ്ചായത്ത് പ്രസിഡണ്ടിന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നഷ്ടമായ മൂന്ന്‍ വാര്‍ഡുകള്‍ എല്‍ഡിഎഫ്  ഇക്കുറി പിടിച്ചെടുത്തു. രണ്ടിടത്ത് യുഡിഎഫില്‍ നിന്നും ഒരിടത്ത് സ്വതന്ത്രനില്‍ നിന്നുമാണ് സീറ്റ് പിടിച്ചത്.

പത്തനംതിട്ട മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് കിഴക്കേക്കര വാര്‍ഡില്‍ ജേക്കബ്ബ് തോമസാണ് (സിപിഐ എം) വിജയിച്ചത്. യുഡിഎഫില്‍ നിന്ന് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. 87 വോട്ടാണ് ഭൂരിപക്ഷം.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡണ്ടായ കുരുവിള ജോര്‍ജ് വിജയിച്ച വാര്‍ഡാണിത്. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

പത്തനംതിട്ട മുനിസിപ്പാലിറ്റി കുമ്പഴ വെസ്റ്റ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസ് ഐയിലെ ആമിനാബീവിയാണ് വിജയിച്ചത്. ഇവിടെ കഴിഞ്ഞ തവണ അഞ്ഞൂറിലേറെ വോട്ട് കിട്ടിയ യുഡിഎഫിന് ഇക്കുറി 367 വോട്ടേയുള്ളൂ. ബിജെപിയ്ക്ക് ആകെ കിട്ടിയത് 27 വോട്ടും.

Advertisements

ആലപ്പുഴ എഴുപുന്ന ഗ്രാമപഞ്ചായത്ത് കുമാരപുരം വാഡും എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ എമ്മിലെ സീതമ്മയാണ് 34 വോട്ടിന് ഇവിടെ വിജയിച്ചത്. കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ച വാര്‍ഡാണ്. ഇവിടെ സ്വതന്ത്രയ്ക്ക് പിന്നില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തും  ബിജെപി നാലാം സ്ഥാനത്തുമാണ്.

തൃശ്ശൂര്‍ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്  നടുവിക്കര വെസ്റ്റ് വാര്‍ഡില്‍ സിപിഐ എമ്മിലെ വി ജി അനില്‍കുമാര്‍ വിജയിച്ചു. 130 വോട്ടാണ് ഭൂരിപക്ഷം. വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തുകയായിരുന്നു.

മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡിലും മുസ്ളീംലീഗ് വിജയിച്ചു. ആലങ്കോട് ഗ്രാമപഞ്ചായത്ത് ചിയാനൂരില്‍ , കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ചെങ്ങാനിയില്‍ ആണ് വിജയിച്ചത്.

കോഴിക്കോട് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു. ഇരുമുന്നണികളും കഴിഞ്ഞ തവണ ജയിച്ച സീറ്റുകള്‍ നിലനിര്‍ത്തുകയായിരുന്നു. കോഴിക്കോട് ഫറോക്ക് മുനിസിപ്പാലിറ്റി ഇരിയംപാട് വാര്‍ഡില്‍ സിപിഐ എമ്മിലെ കെ എം അഫ്സല്‍ 82 വോട്ടിന് വിജയിച്ചു. പന്തലായനി ബ്ളോക്ക് പഞ്ചായത്ത് വെങ്ങളം വാര്‍ഡില്‍ സിപിഐ എമ്മിലെ പി ടി നാരായണി 1251 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.  ചെക്യാട് ഗ്രാമപഞ്ചായത്ത് പാറക്കടവ് വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു.

കണ്ണൂര്‍ ജില്ലയില്‍ മുന്നിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുന്നിടത്തും എല്‍ഡിഎഫ് വിജയിച്ചു.പയ്യന്നൂര്‍ മുനിസിപ്പാലിറ്റി  കണ്ടങ്കാളി നോര്‍ത്ത് വാര്‍ഡില്‍ സിപിഐ എമ്മിലെ പ്രസീദ 365 വോട്ടിന് വിജയിച്ചു., മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഉരുവച്ചാല്‍ സിപിഐ എമ്മിലെ എ കെ  സുരേഷ്കുമാര്‍ 124 വോട്ടിന് വിജയിച്ചു. കഴിഞ്ഞതവണ എല്‍ഡിഎഫിന് ഇവിടെ 13 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഉണ്ടായിരുന്നത്.

പായം ഗ്രാമപഞ്ചായത്ത് മട്ടിണി വാര്‍ഡിലും എല്‍ഡിഎഫിനാണ് വിജയം.കഴിഞ്ഞതവണ യുഡിഎഫ് വിജയിച്ച ഇവിടെ 268 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഐഎമ്മിലെ എ കെ സുരേഷ് കുമാര്‍ വിജയിച്ചത്. കഴിഞ്ഞതവണ കോണ്‍ഗ്രസ്സാണ് വിജയിച്ചത്. 167 വോട്ടുണ്ടായിരുന്ന ബിജെപിയ്ക്ക് ഇക്കുറി 64 വോട്ടേയുള്ളൂ

ആറു ജില്ലകളിലെ ഏഴു ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കോഴിക്കോട്, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ നാല് മുനിസിപ്പല്‍ വാര്‍ഡുകളിലും കോഴിക്കോട് ജില്ലയിലെ ഒരു ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *