സംസ്ഥാനത്തെ ആദ്യ ഐഡിയല്‍ സ്‌കൂള്‍ ലാബ് ഹരിപ്പാട്

ഹരിപ്പാട്: സംസ്ഥാനത്തെ പ്രഥമ ഐഡിയല്‍ സ്‌കൂള്‍ ലാബ് ഹരിപ്പാട് ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സ്വന്തം. വിദ്യാര്‍ത്ഥികളുടെ പഠനത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള രാഷ്ട്രീയ മാധ്യമിക്ക് ശിക്ഷാ അഭിയാനും സംയുക്തമായി ആരംഭിക്കുന്ന പദ്ധതിയാണ് ‘ഐഡിയല്‍ ലബോറട്ടറികള്‍’.
ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു സ്‌കൂളിലാണ് ലബോറട്ടറി പ്രവര്‍ത്തിക്കുക. 50 ലക്ഷം രൂപ ചെലവിലാണ് ഐഡിയല്‍ ലാബുകള്‍ സജ്ജമാക്കുന്നത്. ലബോറട്ടറിയുടെ ഉദ്ഘാടനം മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു. ഒന്‍പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്കായി രൂപകല്‍പന ചെയ്തിരിക്കുന്ന ഐഡിയല്‍ ലബോറട്ടറി സംരംഭം രാജ്യത്തുതന്നെ ആദ്യം പ്രവര്‍ത്തനമാരംഭിക്കുന്നത് കേരളത്തിലാണ്.

പാഠപുസ്തകങ്ങളിലുള്ള പരീക്ഷണങ്ങള്‍ സ്വയം ചെയ്തു നോക്കുക, ശാസ്ത്രത്തിലെ നൂതന ഉപകരണങ്ങളും സാങ്കേതിക വിദ്യകളും പരിചയപ്പെടാന്‍ അവസരമൊരുക്കുക എന്നതാണ് ഈ ലാബ് കൊണ്ട് ലക്ഷ്യമിടുന്നത്. കുട്ടികളുടെ ശാസ്ത്രാഭിരൂചി പ്രോത്സാഹിപ്പിക്കാനുതകുന്ന വിധമുള്ള ഉപകരണങ്ങളും ചിത്രങ്ങളും ഉദ്ധരണികളും ചേര്‍ന്ന അന്തരീക്ഷമാണ് ലാബിനുള്ളത്.

ജില്ലയിലുള്ള മറ്റു സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കു കൂടി ഐഡിയല്‍ ലബോറട്ടറി സന്ദര്‍ശിച്ച് പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുവാന്‍ അവസരമൊരുക്കുന്ന ഒരു ശാസ്ത്ര ഹബ്ബായും ഐഡിയല്‍ ലബോറട്ടറികള്‍ പ്രവര്‍ത്തിക്കും.

പ്രോട്ടോടൈപ്പുകളും ത്രിമാന രൂപങ്ങളും നിര്‍മിക്കാന്‍ ത്രീഡി പ്രിന്ററുകള്‍, ശാസ്ത്ര സാങ്കേതിക വിദ്യകളെ നല്ലരീതിയില്‍ പ്രദര്‍ശിപ്പിക്കാനും വിശകലനം ചെയ്യാനും കഴിയുന്ന ടച്ച് സ്‌ക്രീന്‍ സ്മാര്‍ട്ട് പ്രൊജക്ഷന്‍, ശബ്ദവീചികളും തരംഗാവര്‍ത്തിയും അളക്കുന്നതിനായി സോണോമീറ്റര്‍, ആകാശവിസ്മയങ്ങളെ നേരില്‍ കണ്ട് മനസിലാക്കുവാന്‍ റിഫല്‍ക്ടര്‍ ടെലിസ്‌കോപ്പ്, മറ്റ് ആധുനിക ഉപകരണങ്ങള്‍, മികച്ച ഇരിപ്പിടങ്ങള്‍, തുടങ്ങി ആധുനിക സാങ്കേിതക സജ്ജീകരണങ്ങളുള്ള ഫിസിക്‌സ് ലാബാണ് ഇവിടെയൊരുക്കിയിരിക്കുന്നത്.
ഏറ്റവും മികച്ചയിനം രാസപദാര്‍ത്ഥങ്ങള്‍, ടെസ്റ്റ് ട്യൂബുകള്‍, കോണിക്കല്‍ ഫ് ളാസ്‌ക്, പിപ്പറ്റ് ആന്റ് ബ്യൂററ്റ്, ഗ്യാസ് ബര്‍ണര്‍, വാഷ് ബേസിനുകള്‍, എന്നിവ അടങ്ങിയ കെമിസ്ട്രി ലാബ്, മികച്ചയിനം സസ്യങ്ങളുടേയും സൂക്ഷ്മജീവികളുടേയും കോശഘടനയെപ്പറ്റി മനസ്സിലാക്കി പഠിയ്ക്കുവാന്‍ ആവശ്യമായ സ്ലൈഡുകള്‍, സ്‌പെസിമനുകള്‍, ആധുനിക മൈക്രോസ്‌കോപ്പുകള്‍, അവയവങ്ങളുടേയും വിവിധ വ്യവസ്ഥകളുടെ മാതൃകകളും അടങ്ങിയ ബയോളജി ലാബ് എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഐഡിയല്‍ ലാബ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
അന്താരാഷ്ട്ര നിലവാരത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുമുണ്ട്. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ മേല്‍നോട്ടത്തില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കേരള (സില്‍ക്ക്) ആണ് പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാക്കിയത്. ഹരിപ്പാട് ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഐഡിയല്‍ ലാബ് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലെ ഒന്‍പത്, പത്ത്, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പഠനപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകും.
