ശബരിമല വിഷയം: തെരഞ്ഞെടുപ്പ് കമ്മീഷന്റേത് ഓര്‍മ്മപ്പെടുത്തല്‍ മാത്രമെന്ന് കോടിയേരി

തിരുവനന്തപുരം: ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉന്നയിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസര്‍ ടിക്കാറാം മീണയുടെ നിര്‍ദേശത്തെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജാതിയുടേയും മതത്തിന്റെയും പേരില്‍ വോട്ട് പിടിക്കാന്‍ പാടില്ല. അത് തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ഭാഗമാണ്. ഇത് എല്ലാവര്ക്കും അറിയാവുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം ഓര്‍മിപ്പിക്കുക മാത്രമാണ് ചെയ്തത്- കോടിയേരി പറഞ്ഞു.
ഇത്തരത്തില്‍ വോട്ട് പിടിച്ചതിന്റെ പേരിലാണ് ചില അസംബ്ലി മണ്ഡലത്തിലെ സ്ഥാനാര്‍ഥികളായവരെ അയോഗ്യരാക്കിയതെന്നും അത്കൂടി കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. നേരത്തെ, കമ്മീഷന്റെ നിര്‍ദേശത്തിനെതിരെ ബിജെപി പരസ്യമായി രംഗത്തെത്തിയിരുന്നു.

ശബരിമല പ്രചാരണ വിഷയമാക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും കമ്മീഷന്റെ നിര്‍ദേശത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും വ്യക്തമാക്കിയിരുന്നു.

