ശ്രീധന്യക്ക് ആശംസകളറിയിച്ച് രാഹുല്‍ ഗാന്ധിയും കമല്‍ ഹാസനും
വയനാട്: സിവില്‍ സര്‍വീസ് യോഗ്യത നേടിയ ശ്രീധന്യ സുരേഷിന് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. കേരളത്തില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഗോത്ര വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ ആ സ്വപ്നം സഫലമാക്കിയത് അവരുടെ കഠിനാധ്വാനവും സമര്‍പ്പണവും കൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ശ്രീധന്യക്ക് വിജയാശംസകള്‍ നേടിയ രാഹുല്‍ ഗാന്ധി അവരുടെ കുടുംബത്തിനും അഭിനന്ദനം അറിയിച്ചു. രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മണ്ഡലമായ വയനാട് സ്വദേശിയാണ് ശ്രീധന്യ.
ഡിസ്റ്റിംഗ്ഷനോടെ യുപിഎസ്‍സി പരീക്ഷ പാസായ കുറിച്യ വിഭാഗത്തില്‍പ്പെട്ട ആദ്യത്തെ വനിതയായ ശ്രീധന്യക്ക് ആശംസകള്‍ നേരുന്നുവെന്ന് സൂപ്പര്‍ താരം കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു. ഗോത്ര വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്നുവരാന്‍ അവസരം ഒരുക്കുന്ന കേരള സര്‍ക്കാരിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി കമല്‍ ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.




