ശിവരഞ്ജിത്തിനേയും നസീമിനേയും മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനേയും നസീമിനേയും മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരേയും കസ്റ്റഡിയില്‍വിട്ടത്. കസ്റ്റഡി അപേക്ഷ രാവിലെ കോടതി പരിഗണിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് എത്താത്തതിനെ തുടര്‍ന്ന് മാറ്റി വച്ചിരുന്നു.
പിന്നീട് വൈകിയാണ് കോടതി കേസ് പരിഗണിച്ചത്. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്ത്, യൂണിവേഴ്സിറ്റി കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം. പ്രതികളുപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ട്.

അതേസമയം കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. പിടിച്ചുവച്ച് നെഞ്ചില്‍ കുത്തിയത് ശിവരഞ്ജിത് ആയിരുന്നെന്നാണ് അഖില്‍ പോലീസിന് നല്കിയ മൊഴി. നസിം തന്നെ പിടിച്ചുവയ്ക്കുകയും ശിവരഞ്ജിത് നെഞ്ചില്‍ കുത്തുകയുമായിരുന്നു- അഖില്‍ മൊഴിയില്‍ പറയുന്നു.

