ശാസ്താംകോട്ട ധര്‍മശാസ്താ ക്ഷേത്രത്തിലെ ആനപന്തിയില്‍ നിന്നും പുറത്ത് വരുന്നത് കണ്ണീരോടെ കാണേണ്ട കാഴ്ച്ച

ശാസ്താംകോട്ട: വെറും 20 വര്‍ഷത്തിനിടെയുള്ള ജീവിതത്തില്‍ ഇത്രയധികം വേദനയനുഭവിക്കേണ്ടി വരുമെന്ന് നീലകണ്ഠന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ശാസ്താംകോട്ടയിലെ ധര്‍മശാസ്താ ക്ഷേത്രത്തില്‍ കോണ്‍ക്രീറ്റ് ആനപ്പന്തിയില്‍ വേദന കടിച്ചമര്‍ത്തി മരണം ദയകാണിക്കണേ എന്ന പ്രാര്‍ത്ഥനയില്‍ കഴിയുന്ന ഗജവീരനെ കണ്ടാല്‍ കല്ലു പോലുള്ള മനസ് പോലും മഞ്ഞു പോലെ ഉരുകും. അവന് ബാക്കിയുള്ളത് ഒരു കാല് മാത്രമാണെന്നത് കേട്ട് മിണ്ടാപ്രാണികളെ നെഞ്ചോട് ചേര്‍ത്ത് സ്നേഹിക്കുന്നവര്‍ കണ്ണീര്‍കയത്തിലാണ്.
2012ല്‍ ആനകളോട് കൊടുംക്രൂരത കാണിച്ചതിന് പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ കിട്ടിയ സന്തോഷ് എന്ന പാപ്പാനെ നീലകണ്ഠനെ പരിപാലിക്കാന്‍ ഏല്‍പ്പിച്ചത് വഴി ദേവസ്വം ബോര്‍ഡ് കാണിച്ച അനാസ്ഥയോടെ നീലകണ്ഠന്റെ നരകം ആരംഭിച്ചു.

അതിന് മുന്‍പ് തന്നെ വാതരോഗം കൊണ്ട് ചെറിയ ബുദ്ധിമുട്ട് അവനുണ്ട്. ചിട്ട പഠിപ്പിക്കുന്നതിന്റെ ഭാഗമായി സന്തോഷ് കത്തി കൊണ്ടും മരം കൊണ്ടും ഭേദ്യം ചെയ്ത് മുന്‍വശത്തുള്ള ഇടതു കാലില്‍ മാരകമായി മുറിവേല്‍പ്പിച്ചു. ശരിയായ ചികിത്സ കിട്ടാത്തതുകൊണ്ട് നീലകണ്ഠന് ലക്ഷണമൊത്ത കൊമ്ബനാനയുടെ ശ്രേണിയില്‍ നിന്നു ഇനി ദേവസ്വം ബോര്‍ഡിന് അഞ്ചു പൈസയുടെ വരുമാനം ഉണ്ടാക്കികൊടുക്കാന്‍ കഴിയാത്ത വിലക്ഷണനായ ആനയായി മാറി, 2 വര്‍ഷങ്ങള്‍ കഴിഞ്ഞു 2015ല്‍ വനം വകുപ്പിന്റെയും ദേവസ്വം ബോര്‍ഡിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന 5 പ്രധാന മൃഗ ഡോക്റ്റര്‍മാര്‍ നീലകണ്ഠനെ പരിശോധിച്ച് തിരുവിതാംകൂര്‍ ദേവസ്വത്തിന് റിപ്പോര്‍ട്ട് നല്‍കിയത് ഇനി നീലകണ്ഠന്റെ ക്ഷതമേറ്റ കാല് ഒരു ചികിത്സയോടും പ്രതികരിക്കില്ല എന്നും അവനെ എത്രയും വേഗം വനം വകുപ്പിന്റെ കീഴിലുള്ള കോട്ടൂര്‍ റീഹാബിലിറ്റേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റണം എന്നുമാണ്.

ആ ഫയല്‍ നീലകണ്ഠനെ പോലെ അനങ്ങിയില്ല. മൂന്ന് വര്‍ഷങ്ങളായി. നീലകണ്ഠന് ആ കോണ്‍ക്രീറ്റ് പീഠത്തിന് മേല്‍ നില്‍പ്പ് തുടരുന്നു. ഒന്നും മാറിയിട്ടില്ല എന്ന് പറയാനാവില്ല. 2015ല്‍ നീലകണ്ഠന് മൂന്ന് കാല് ബാക്കിയുണ്ടായിരുന്നു. ഇന്നു ഒരു കാല് മാത്രം. പുറകിലുള്ള രണ്ടു കാലിലും ചങ്ങല കിടന്നു വ്രണമായി ചോരയും നീരും ഒഴുകുന്നു. അതിന് മേല്‍ വീണ്ടും വീണ്ടും ഇരുമ്ബ് ചങ്ങല ഉരയുന്നതു കൊണ്ട് മരുന്ന് ഫലിക്കുന്നില്ല.

ശരീരത്തിന്റെ മുഴുവന്‍ ഭാരവും ഒറ്റക്കാലില്‍ താങ്ങുകയാണ് നീലകണ്ഠന്. മദ്യപാനിയായ പാപ്പാന് അവനെ ഇപ്പോഴും മര്യാദ പഠിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മൃഗ സ്നേഹിയായ രതീഷ് അവിചാരിതമായി പകര്‍ത്തിയ നീലകണ്ഠന്റെ നരകവേദനയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നത് മുതല്‍ അവനോടുള്ള ക്രൂരതയുടെ ചങ്ങലയഴിക്കാന്‍ ശ്രമം നടക്കുകയാണ്. നീലകണ്ഠന്റെ കഥ കേട്ട വനം വകുപ്പ് മന്ത്രി അനുതാപ പൂര്‍വമാണ് പ്രതികരിച്ചത്.
അദ്ദേഹം ‘ആക്ഷന്‍ എടുക്കു’ എന്ന് നിര്‍ദ്ദേശിച്ചു പ്രധാന വൈല്‍ഡ് ലൈഫ് വാര്ഡന് പ്രശ്നം കൈമാറുകയും വാര്ഡന് നിയോഗിച്ച റേഞ്ച് ഓഫീസര്‍ നീലകണ്ഠനെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റേണ്ടതാണ് എന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇപ്പോള്‍ വനം വകുപ്പിന് കീഴിലുള്ള മൂന്നു ഡോക്ടര്‍മാരുടെ അഭിപ്രായം കൂടി കിട്ടേണ്ടത് ഉണ്ട്. മൂന്ന് വര്‍ഷങ്ങള്‍ മുന്‍പ് അവര്‍ തന്നെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് ആധാരമായ അവസ്ഥയെക്കാള്‍ പരിതാപകരമാണ് നീലകണ്ഠന്റെ ജീവിതമെന്നു, അവര്‍ കാണാതെ പോകില്ല എന്ന പ്രത്യാശയിലാണ് കേരളത്തിലെയും പുറത്തെയും മൃഗാവകാശ പ്രവര്‍ത്തകര്‍. അവനെ ഒരു ജന്മം മുഴുവന്‍ ഒറ്റക്കാലില്‍ നില്ക്കാന് വിധിക്കരുതേ എന്ന പ്രാര്‍ത്ഥനയിലാണ് ഞങ്ങള്‍. നീലകണ്ഠന്റെ അവസ്ഥ അറിഞ്ഞു കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട് .
ഒപ്പം മൂന്ന് മൃഗസംരക്ഷണ കേസ്സുമായി മുന്നോട്ടു പോകുന്നുണ്ട് …പക്ഷെ ഓരോ നിമിഷവും ഒരു യുഗമായി ,എത്രെയോ ജന്മങ്ങള്ആയി ഞാന്‍ ഇങ്ങിനെ എന്ന് തോന്നുണ്ടാവും നീലകണ്ഠന് .അനന്തമായ വേദനയാണ് സമയം എന്നും .മുന്പില് എത്തുന്ന ഓരോ മനുഷ്യനോടും തുമ്ബികൈ കൊണ്ട് വേദനിക്കുന്ന കാല് തൊട്ടു കാണിച്ചു ‘ എന്നെ സഹായിക്കുമോ ‘എന്ന് ഹൃദയം പൊട്ടി ചോദിക്കുന്നുണ്ട് അവന്.
മനുഷ്യരില്‍ അവനിപ്പോഴും വിശ്വാസം ബാക്കിയുണ്ട് .അത് അവസാനിക്കുന്ന ദിവസം ‘മതി’ എന്ന് അവന് തീരുമാനിക്കും. നീലകണ്ഠന് നില തെറ്റും. അവന്റെ ഒറ്റകാലിലെ തപസ്സു തീരും. പിന്നെ കിടന്നു പൊട്ടി പഴുത്തു ചെരിയും. എത്രയോ ആനകള്‍ അങ്ങിനെ അവസാനിച്ചു കോട്ടൂരേക്കു മാറ്റിയാല്‍ അവനു സ്വര്‍ഗ്ഗസമാനമായ ജീവിതം കിട്ടും എന്ന മിഥ്യ ധാരണയൊന്നും ഉണ്ടായിട്ടല്ല ഈ ആവശ്യം. അവിടെ അവനു ചുറ്റും കാടുണ്ട്. എപ്പോഴും കെട്ടിയിടേണ്ട അവസ്ഥയില്ല.
അവന്റെ കാതിലേക്കു ആരും ഉച്ചഭാഷിണി വച്ചു ഭക്തിഗാനങ്ങള്‍ അനുസ്യുതം അടിച്ചു കേറ്റില്ല. അവിടെ അവനു മറ്റു ആനകള്‍ കൂട്ടിനുണ്ട്. പച്ചപ്പുണ്ട് . ജലാശയമുണ്ട്. അത്രയെങ്കിലും അവനര്‍ഹിക്കുന്നുണ്ട് . അത് അവനു കിട്ടിയേ തീരു. അതിന് വേണ്ടി ഞങ്ങള്‍ ഏതു അറ്റം വരെയും പോകാന്‍ തീരുമാനിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് അവനെ വിട്ടു കൊടുക്കാന്‍ അനുവദിക്കണം. വനം വകുപ്പ് ഏറ്റെടുക്കാന്‍ എത്രെയും വേഗം തയ്യാറാകണം ഞങ്ങള്‍ മൃഗാവകാശ പ്രവര്‍ത്തകര്‍, മൃഗസ്നേഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. ‘മദപ്പാട് ,’തുടങ്ങി എക്കാലത്തും പറഞ്ഞു കേള്‍ക്കാറുള്ള സ്ഥിരം ന്യായീകരണങ്ങള്‍ ദയവായി ആവര്‍ത്തിക്കരുത്. ഇന്നലേയും കൂടി ഞങ്ങളില്‍ ചിലര്‍ അവന്റെ അടുത്ത് പോയി ‘മോനെ നീലകണ്ഠാ ‘എന്ന് വിളിക്കുമ്ബോള്‍ അവന്റെ സന്തോഷം കാണുകയും കൊടുത്ത പഴം വാങ്ങി അവന് ആര്‍ത്തിയോടെ കഴിക്കുകയും ചെയുന്നത് കണ്ടതാണ്…
