ശബരിമല സ്‌ത്രീപ്രവേശനം: റിവ്യു, റിട്ട് ഹര്‍ജികളില്‍ വാദം തുടങ്ങി

ഡല്‍ഹി: ശബരിമലയില്‍ 10 മുതല്‍ 50 വയസ്സുവരെയുള്ള സ‌്ത്രീകള്‍ക്ക‌് പ്രവേശം അനുവദിച്ച ഉത്തരവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച‌് പരിഗണിച്ച് തുടങ്ങി. ചീഫ‌് ജസ്റ്റിസ‌് രഞ‌്ജന്‍ ഗൊഗോയ‌് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചില്‍ ജസ്റ്റിസുമാരായ ആര്‍ എഫ‌് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ‌്, ഇന്ദു മല്‍ഹോത്ര എന്നിവരാണ‌് അംഗങ്ങള്‍. സെപ‌്തംബര്‍ 28ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച‌് വിധിക്ക‌് എതിരായ 56 പുനഃപരിശോധനാഹര്‍ജി, നാല‌് റിട്ട‌് ഹര്‍ജി, രണ്ട‌് പ്രത്യേകാനുമതി ഹര്‍ജി, രണ്ട‌് ട്രാന്‍സ‌്ഫര്‍ ഹര്‍ജി, ഒരു സാവകാശ അപേക്ഷ അടക്കം 65എണ്ണമാണ‌് പരിഗണിക്കുക.
സെപ‌്തംബര്‍ 28ലെ വിധി ചോദ്യംചെയ‌്ത‌് കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള മുഴുവന്‍ ഹര്‍ജികളും സുപ്രീംകോടതിയിലേക്ക‌് മാറ്റണമെന്ന‌് സംസ്ഥാനസര്‍ക്കാരാണ‌് ട്രാന്‍സ‌്ഫര്‍ ഹര്‍ജി നല്‍കിയത‌്. ശബരിമലയില്‍ മേല്‍നോട്ടസമിതിയെ നിയോഗിച്ച ഹൈക്കോടതി ഉത്തരവിനെതിരെ പ്രത്യേകാനുമതി ഹര്‍ജിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട‌്.

യുവതീപ്രവേശത്തെതുടര്‍ന്ന‌് ക്ഷേത്രം അടച്ച‌് ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ പേരിലുള്ള ഹര്‍ജികള്‍ ബുധനാഴ‌്ച കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യം കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ‌്തവരുടെ അഭിഭാഷകന്‍ പി വി ദിനേശ‌് ചീഫ‌് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ബുധനാഴ‌്ച ഹര്‍ജികള്‍ പരിഗണിക്കുമ്ബോള്‍ സന്നിഹിതനായിരിക്കാന്‍ ചീഫ‌് ജസ്റ്റിസ‌് നിര്‍ദേശിച്ചു. ശബരിമലദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും ഉള്‍പ്പെടെ നാലുപേര്‍ പുനഃപരിശോധനാഹര്‍ജികളില്‍ കക്ഷിചേരാന്‍ അനുമതി തേടി ഇടപെടല്‍ ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട‌്. ഇവ ബുധനാഴ‌്ചതന്നെ പരിഗണിക്കണമെന്ന‌് ആവശ്യപ്പെടുമെന്ന‌് അഭിഭാഷകര്‍ അറിയിച്ചു.

