ശബരിമല സംഘര്‍ഷം: കൂടുതല്‍ ബിജെപി- ആര്‍എസ്‌എസ് നേതാക്കള്‍ക്കെതിരെ കേസ്

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷക്കാലത്ത് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ അമ്ബത്തിരണ്ടുകാരിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച അഞ്ച് ബിജെപി- ആര്‍എസ്‌എസ് നേതാക്കള്‍ക്കെതിരെ കൂടി കേസ്. റിമാന്‍ഡില്‍ കഴിയുന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പുറമേ വല്‍സന്‍ തില്ലങ്കേരിക്കെതിരെയും പൊലീസ് കേസെടുത്തു. 52 കാരിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനാ കുറ്റമാണ് ചുമത്തിയത്. പ്രകാശ് ബാബു, വി.വി. രാജേഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തു. സന്നിധാനത്ത് അര്‍ധരാത്രിയില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ എറണാകുളം ജില്ലയിലെ ആര്‍എസ്‌എസ് നേതാവ് രാജേഷിനേയും ഈ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
ലളിതാദേവിയെന്ന തീര്‍ഥാടകയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ സൂരജ് ഇലന്തൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ ‘സന്നിധാനത്തിന്‍റെ നിയന്ത്രണം’ ഏറ്റെടുത്ത ‘പുതിയ ഐജി’ എന്നാണ് കെ.സുരേന്ദ്രനെയും വത്സന്‍ തില്ലങ്കേരിയെയും ഉള്‍പ്പടെയുള്ള നേതാക്കളെ വിശേഷിപ്പിച്ചിരിക്കുന്നത്.

കെ.സുരേന്ദ്രനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതോടെ സുരേന്ദ്രന്‍റെ ജയില്‍മോചനം വീണ്ടും നീളും. ശബരിമലയിലേക്കുള്ള യാത്രക്കിടെ നിരോധാനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ കെ.സുരേന്ദ്രന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, കണ്ണൂരില്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസ് ഉള്ളതിനാല്‍ ജയില്‍ മോചിതനായില്ല. ഇതിനിടെയാണ് പുതിയ കേസ്. 120 ബി ചുമത്തിയാണ് പത്തനംതിട്ട കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

