ശബരിമല: ആര്‍എസ‌്‌എസിന‌് കടുത്ത നിരാശ; സംസ്ഥാന ബിജെപിയില്‍ കലാപം

തിരുവനന്തപുരം: ശബരിമല വിഷയം ചൂടുപിടിപ്പിച്ച‌് നിര്‍ത്തുന്നതില്‍ പാളിച്ച പറ്റിയെന്ന‌് ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തി. പ്രതിഷേധം തണുത്തുപോയതില്‍ ആര്‍എസ‌്‌എസിന‌് കടുത്ത നിരാശയുണ്ട‌്. തിരുവനന്തപുരത്ത‌് കഴിഞ്ഞ ദിവസം ചേര്‍ന്ന സംഘപരിവാര്‍ പോഷക സംഘടനകളുടെ അടിയന്തര ‘പരിവാര്‍ ബൈഠക്കില്‍ ഇതുസംബന്ധിച്ച‌് ബിജെപിക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ‌് ഉയര്‍ന്നത‌്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത‌് ഷായുടെ ശബരിമല സന്ദര്‍ശനവും അനിശ്ചിതത്വത്തിലാണ‌്.
ശബരിമല പ്രശ‌്നം സംസ്ഥാനനേതൃത്വം കൈകാര്യം ചെയ‌്തതിലെ അതൃപ‌്തി കേന്ദ്ര നേതൃത്വം പി എസ‌് ശ്രീധരന്‍പിള്ളയെ നേരിട്ട‌് അറിയിച്ചു. അമിത‌് ഷായെ നേരിട്ട‌് കാണാനുള്ള ശ്രീധരന്‍പിള്ളയുടെ ശ്രമവും വിജയിച്ചില്ല. കേന്ദ്രമന്ത്രിമാരെയും നേതാക്കളെയും ശബരിമലയില്‍ എത്തിക്കാനുള്ള ദൗത്യവുമായാണ‌് പിള്ള ഡല്‍ഹിയില്‍ പോയത‌്. ആഭ്യന്തരമന്ത്രി രാജ‌്നാഥ‌്സിങ‌് ഉള്‍പ്പെടെയുള്ളവരില്‍നിന്ന‌് തണുപ്പന്‍ പ്രതികരണമാണ‌് ലഭിച്ചത‌്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ‌്ണനോട‌് എസ‌്പി യതീഷ‌്ചന്ദ്ര അപമര്യാദയായി പെരുമാറിയെന്ന‌് ആരോപിച്ച‌് കേന്ദ്ര പേഴ‌്സണല്‍ മന്ത്രാലയത്തിന‌് പരാതി നല്‍കാന്‍ കഴിഞ്ഞത‌് മാത്രമാണ‌് ഡല്‍ഹിയാത്രയുടെ നേട്ടമെന്ന‌് പിള്ളയുടെ എതിരാളികള്‍ പറയുന്നു.

ശബരിമല പ്രതിഷേധം തണുത്തുപോയതില്‍ ബിജെപിയും ആര്‍എസ‌്‌എസും പരസ‌്പരം പഴിചാരുകയാണ‌്. ശ്രീധരന്‍പിള്ളയുടെ വിടുവായത്തവും സര്‍ക്കുലര്‍ ചോര്‍ച്ച വിവാദവും പ്രതിഷേധം തണുക്കാന്‍ കാരണമായെന്ന‌് ആര്‍എസ‌്‌എസ‌് കുറ്റപ്പെടുത്തുന്നു. മെയ്യനങ്ങാതെയുള്ള ആര്‍എസ‌്‌എസ‌് പ്രവര്‍ത്തനരീതിയാണ‌് പിന്നോട്ടടിക്കു കാരണമെന്ന‌് ബിജെപി നേതാക്കള്‍ തിരിച്ചടിക്കുന്നു. സമരം ചുടുപിടിച്ച ഘട്ടത്തില്‍പോലും ബിജെപി നേതൃത്വത്തില്‍ തമ്മിലടിയായിരുന്നെന്ന‌് ആര്‍എസ‌്‌എസ‌് വിഭാഗം റിപ്പോര്‍ട്ട‌് നല്‍കി. ചിത്തിര ആട്ടവിശേഷത്തിന‌് കാര്യങ്ങള്‍ ആര്‍എസ‌്‌എസിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു. വത്സന്‍ തില്ലങ്കേരിയെ ആര്‍എസ‌്‌എസ‌് നേരിട്ട‌് രംഗത്തിറക്കി. മണ്ഡലകാല തീര്‍ഥാടനം ഒരാഴ‌്ച പിന്നിട്ടിട്ടും തില്ലങ്കേരി മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്ന‌് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

കേന്ദ്രമന്ത്രിമാരായ അല്‍ഫോണ്‍സ‌് കണ്ണന്താനം, പൊന്‍ രാധാകൃഷ‌്ണന്‍ എന്നിവരെ ശബരിമലയില്‍ കൊണ്ടുവന്നെങ്കിലും അവര്‍ക്കൊപ്പം കാര്യമായി പ്രവര്‍ത്തകരില്ലാതിരുന്നത‌് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നാണ‌് വിലയിരുത്തല്‍. സംസ്ഥാന സെക്രട്ടറി എ എന്‍ രാധാകൃഷ‌്ണനും വിരലിലെണ്ണാവുന്ന പ്രവര്‍ത്തകരും മാത്രമാണ‌് പൊന്‍ രാധാകൃഷ‌്ണനൊപ്പം മലകയറിയത‌്. അല്‍ഫോണ്‍സ‌് കണ്ണന്താനത്തിനൊപ്പം അത്രപോലും ആള്‍ക്കാരില്ലായിരുന്നു. ഇരുവരുടെയും സന്ദര്‍ശനം മൂലം നേട്ടം കൊയ‌്തത‌് സംസ്ഥാന സര്‍ക്കാരും പൊലീസും ആണെന്ന‌് വി മുരളീധരന്‍ പക്ഷം കുറ്റപ്പെടുത്തി.

അടുത്ത ഘട്ടം പ്രക്ഷോഭം എന്തെന്ന കാര്യത്തിലും ബിജെപി നേതൃത്വത്തിന‌് കാര്യമായ നിശ്ചയമില്ല. നിഷ‌്പക്ഷരായ വിശ്വാസികളെ ആകര്‍ഷിക്കാനുള്ള തന്ത്രവും പാളിയെന്ന‌് ആര്‍എസ‌്‌എസ‌് വിലയിരുത്തി. അതേസമയം പൊലീസിന്റ കര്‍ശന നിലപാട‌് സംഘടിത പ്രതിഷേധത്തിനുള്ള അവസരം ഇല്ലാതാക്കിയെന്ന‌് ബിജെപി സംസ്ഥാനനേതൃത്വം കേന്ദ്രത്തെ അറിയിച്ചു. ശബരിമലയില്‍ പൊലീസ‌് രാജ‌് നടപ്പാക്കിയെന്ന സംസ്ഥാന നേതാക്കളുടെ നിലപാട‌് കേന്ദ്രനേതാക്കള്‍ അവജ്ഞയോടെ തള്ളിയതായാണ‌് സൂചന. ആര്‍എസ‌്‌എസ‌് വിളിച്ച പരിവാര്‍ യോഗത്തിലും ഇതുതന്നെയായിരുന്നു പൊതുവെ ഉയര്‍ന്ന വികാരം. ആര്‍എസ‌്‌എസിന്റെ സംസ്ഥാനത്തെ മുതിര്‍ന്ന പ്രചാരകനായ എസ‌് സേതുമാധവനാണ‌് പരിവാര്‍ ബൈഠക‌് വിളിച്ചത‌്. പിഎസ‌് ശ്രീധരന്‍പിള്ള ഈ യോഗത്തില്‍ പങ്കെടുത്തില്ല. പിള്ളയുടെ അസാന്നിധ്യംപോലും പരിഗണിക്കാതെയാണ‌് അദ്ദേഹത്തിനെതിരെ മറ്റ‌് നേതാക്കള്‍ ആഞ്ഞടിച്ചത‌്.
