ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികള്‍ തിരിച്ചിറങ്ങുന്നു

ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞു വീണു. ഇതിനെ തുടര്‍ന്ന് പൊലീസ് യുവതികളുമായി തിരിച്ചിറങ്ങാന്‍ ശ്രമിച്ചെങ്കിലും ബിന്ദു തിരിച്ചിറങ്ങാന്‍ തയ്യാറായില്ല. എന്നാല്‍ സ്പെഷ്യല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസ് യുവതികളുമായി പമ്ബയിലേക്ക് തിരിച്ചിറങ്ങുകയാണ്.
ഇവരെ സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് പൊലീസ് തിരിച്ചിറക്കുന്നത്. ക്രമസമാധാന പ്രശ്നമുള്ളതു കൊണ്ട് യുവതികളുമായി തിരിച്ചിറങ്ങുന്നുവെന്നാണ് പൊലീസ് മാധ്യമങ്ങളെ അറിയിച്ചത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു, കനകദുര്‍ഗ എന്നീ യുവതികളെ തടഞ്ഞ പ്രതിഷേധക്കാര്‍ക്കെതിരെ ബലപ്രയോഗം വേണ്ടെന്ന് സര്‍ക്കാര്‍ പൊലീസിനെ അറിയിച്ചിരുന്നു. സന്നിധാനത്തിന് ഏതാണ്ട് മുക്കാല്‍ കിലോമീറ്റര്‍ അകലെ ചന്ദ്രാനന്തന്‍ റോഡില്‍ വച്ചാണ് യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞത്.

രാവിലെ പൊലീസിനെ അറിയിക്കാതെയായിരുന്നു യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തിയത്. എന്നാല്‍ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് ഇവര്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു. മരക്കൂട്ടംവരെയുള്ള പ്രതിഷേധക്കാരെ നീക്കിയ പൊലീസ് ചന്ദ്രാനന്ദം റോഡിലെത്തിയപ്പോള്‍ കൂടുതല്‍ പ്രതിഷേധക്കാരെത്തി യുവതികളെ തടയുകയായിരുന്നു. ഇതോട എട്ട് മണിമുതല്‍ ഏതാണ്ട് ഒമ്ബതോമുക്കാലോളം ചന്ദ്രാനന്ദന്‍ റോഡില്‍ തന്നെ നില്‍ക്കുകയായിരുന്നു.

ഇതിനിടെ മലയിറങ്ങി വരുകയായിരുന്ന ഇതരസംസ്ഥാനത്ത് നിന്നുള്ള വിശ്വാസികളെ പ്രതിഷേധക്കാര്‍ തങ്ങളോടൊപ്പം നില്‍ക്കണമെന്നനാവശ്യപ്പെടുകയും ഇവരെകൂടി പ്രതിഷേധത്തിന് കൂടെ കൂട്ടുകയുമായിരുന്നു. ഇതോടെയാണ് ചന്ദ്രാനന്ദന്‍ റോഡില്‍ സംഘര്‍ഷം രൂക്ഷമായത്. ഇതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസിന് നേരെയും കല്ലേറുണ്ടായി. ഇതിനെ പ്രതിരോധിക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ മനോരമ, ന്യൂസ് 18 തുടങ്ങിയ ചാനലുകളുടെ ക്യാമറകള്‍ തകര്‍ന്നു. പ്രതിഷേധത്തിനിടെ ന്യൂസ് 18 ന്‍റെ ക്യാമറാമാന്‍റെ കൈ ഒടിഞ്ഞു.

