ശബരിമലയിലെ സ്‌ത്രീപ്രവേശനം: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് തള്ളി രാഹുല്‍ ഗാന്ധി

ഡല്‍ഹി : ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്‌ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതിവിധിക്കെതിരായ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തള്ളി. സുപ്രീം കോടതിവിധി വന്നയുടന്‍ തന്നെ വിധിയെ സ്വാഗതം ചെയ്‌ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്തെത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം വിധി അംഗീകരിക്കുമെന്ന നിലപാടെടുത്തെങ്കിലും പിന്നീട് നിലപാട് മാറ്റി ബിജെപിക്കൊപ്പം സംസ്ഥാന സര്‍ക്കാരിനെതിരെ സമരവുമായി രംഗത്തിറങ്ങുകയായിരുന്നു.
തന്നെ സന്ദര്‍ശിച്ച കെപിസിസി അധ്യക്ഷനടക്കമുള്ള കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളെ രാഹുല്‍ ഗാന്ധി അതൃപ്തി അറിയിച്ചതായാണ് സൂചന. കൊടി പിടിച്ച സമരം കോണ്‍ഗ്രസ് നടത്തരുതെന്നും പ്രകോപനപരമായ സമരങ്ങള്‍ ഒഴിവാക്കണമെന്നും രാഹുല്‍ നിര്‍ദേശം നല്‍കി. അത്തരം സമരങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതും എഐസിസി അധ്യക്ഷന്‍ വിലക്കി. അത്തരം നിലപാടുകളോട് കോണ്‍ഗ്രസിന് യോജിപ്പില്ലെന്നും രാഹുല്‍ നേതാക്കളോട് വ്യക്തമാക്കിയെന്നാണ് വിവരം.

