വനിതാ ഐപിഎസ് ട്രെയിനിയെ ആക്രമിച്ച് മാലപിടിച്ചുപറിക്കാന്‍ ശ്രമിച്ച കേസ്; പൂന്തുറ സ്വദേശി സലിം പോലീസ് പിടിയില്‍

തിരുവനന്തപുരം: വനിതാ ഐപിഎസ് ട്രെയിനിയെ ആക്രമിച്ച് മാലപിടിച്ചുപറിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ തിരുവല്ലം പോലീസ് പിടികൂടി. പൂന്തുറ മാണിക്കവിളാകം സ്വദേശി സലിം (25) ആണ് പിടിയിലായത്. ഇയാള്‍ കാറ്ററിംഗ് ജീവനക്കാരനാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച കോവളം പാച്ചല്ലൂര്‍ കൊല്ലന്തറ സര്‍വീസ് റോഡില്‍ വച്ചാണ് പ്രഭാത സവാരിക്കിറങ്ങിയ ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാനുള്ള ശ്രമം നടന്നത്. ബൈപ്പാസിന്റെ വശത്തുളള സര്‍വീസ് റോഡിലൂടെ നടക്കുകയായിരുന്ന വനിതാ ഓഫീസറെ ബൈക്കില്‍ പിന്തുടര്ന്നെത്തിയ യുവാവ് സമീപമെത്തി ബൈക്കിന്റെ വേഗത കുറച്ചശേഷം മാലപൊട്ടിക്കാന്‍ ശ്രമിച്ചു.
തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥ ബൈക്കിന്റെ പിന്നാലെ ഓടിയെങ്കിലും യുവാവ് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടാന്‍ സാധിച്ചത്. സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിന്റെ നിര്‍ദേശാനുസരണം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്.പ്രതാപന് നായര്‍, ഷാഡോ പോലീസ്, തിരുവല്ലം പോലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ നേരത്തെ സമാന കേസുകളില്‍ പ്രതിയായിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.

