വർണ്ണ കുടകളുമായി മാരിവില്ല് തീർത്തു

കൊയിലാണ്ടി: തുള്ളിക്കൊരുകുടം പെയ്യുന്ന മഴയെ ആഘോഷമാക്കി പൊയിൽക്കാവ് യു.പി സ്കൂളിലെ മുഴുവൻ കുട്ടികളും വർണ്ണ കുടകളുമായി മാരിവില്ല് തീർത്തു. മഴത്തുള്ളികൾക്കിടയിലൂടെ ഈണത്തിൽ ഉതിർന്ന സംഗീത ധ്വനിക്കനുസരിച്ച് കുട്ടികൾ ഒന്നായി സന്തോഷത്തോടെ ചുവടുവച്ചു.

പ്രകൃതിയെ പഠിക്കാൻ, നിരീക്ഷിക്കാൻ, ആവാഹിക്കാൻ സ്കൂളിലെ നിറക്കൂട്ടം ചിത്രകലാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന “കളർ ഫെസ്റ്റി ൻ്റെ ഭാഗമായിരുന്നു വർണ്ണ കുടകളുമായി മാരിവില്ല് തീർത്തത്. ചിത്രകലാധ്യാപകൻ സൂരജ്കുമാർ പ്രോഗ്രാമിന് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് ആർ. രോഷ്നി സംസാരിച്ചു.


