വ്യാപാര സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇനി ഇരിയ്ക്കാം; നിയമ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം

തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് ഇരിയ്ക്കാന്‍ സൗകര്യം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതിയ്ക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. കടകളില്‍ പണിയെടുക്കുന്നവര്‍ക്ക് ആഴ്ചയിലൊരിക്കല്‍ അവധി നല്‍കണമെന്ന വ്യവസ്ഥയും നിര്‍ബ്ബന്ധമാക്കി. ഏതു ദിവസം എന്നത് കടയുടമയ്ക്ക് തീരുമാനിയ്ക്കാം.
ഇത്തരം തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള വ്യവസ്ഥയും ഭേദഗതിയിലുണ്ടെന്നു തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ദീര്‍ഘ കാലമായി ഈ മേഖലയില്‍ ഉന്നയിക്കപ്പെടുന്ന ആവശ്യത്തിനാണ് ഇപ്പോള്‍ നിയമ ഭേദഗതിയിലൂടെ അംഗീകാരം ലഭിച്ചത്. കേരള ഷോപ്സ് ആന്‍ഡ് എസ്ടാബ്ലിഷ്മെന്റ് ആക്ടിലാണ് ഭേദഗതി വരുത്തുന്നത്.

ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചാലുള്ള ശിക്ഷയും വര്‍ധിപ്പിച്ചു. നിലവില്‍ അയ്യായിരം രൂപ പിഴ എന്നത് ഒരു ലക്ഷം രൂപയായും പതിനായിരം രൂപ പിഴ രണ്ടു ലക്ഷം രൂപയായുമാണ് ഉയര്‍ത്തിയത്.

