സ്വര്‍ണ്ണ വ്യാപാരിയെ തലക്കടിച്ചു വീഴ്ത്തി 70 പവന്‍ കവര്‍ന്നു
കണ്ണൂര്‍: നഗരത്തില്‍ സ്വര്‍ണ്ണ വ്യാപാരിയെ തലക്കടിച്ചുവീഴ്ത്തി 70 പവന്‍ കവര്‍ന്നു. സ്വര്‍ണ്ണക്കട്ടികളുമായി കവര്‍ച്ചാ സംഘം രക്ഷപ്പെട്ടു. സ്കൂട്ടറില്‍ പോവുകയായിരുന്ന സ്വര്‍ണ്ണ വ്യാപാരിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ മൂന്നംഗ സംഘം തലക്കടിച്ചുവീഴ്ത്തുകയായിരുന്നു.
ശനിയാഴ്ച പകല്‍ പതിനൊന്നോടെ തലശേരി മേലൂട്ട് മഠപ്പുര മുത്തപ്പന്‍ ക്ഷേത്രത്തിന് പിന്നിലുള്ള റോഡിലാണ് കവര്‍ച്ച നടന്നത്. മണവാട്ടി ജംഗ്ഷനില്‍ സോന ജ്വല്ലറി നടത്തുന്ന മഹാരാഷ്ട്ര സാംഗ്ലി ജില്ലക്കാരന്‍ ശ്രീകാന്ത് കദമാണ് ആക്രമിക്കപ്പെട്ടത്. മേലൂട്ട് മഠപ്പുര പരിസരത്തെ സ്വന്തം വീടായ ഭൂവനേശ്വരി നിവാസില്‍ നിന്നും തന്റെ ആക്ടിവ സ്കൂട്ടറില്‍ കടയിലേക്ക് പോവുന്നതിനിടയിലാണ് കവര്‍ച്ചക്കിരയായത്. മൊബൈല്‍ ഫോണും കവര്‍ച്ച സംഘം തട്ടിയെടുത്തു.

കെ.എല്‍.13 രജിസ്ടേഷന്‍ നമ്ബറില്‍ തുടങ്ങുന്ന പള്‍സര്‍ ബൈക്കിലാണ് കവര്‍ച്ചക്കാര്‍ വന്നതും രക്ഷപ്പെട്ടതുമെന്നാണ് സൂചന. തലശ്ശേരി പോലീസ് പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി.ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

തലശേരി ടൗണില്‍ പട്ടാപകല്‍ നടന്ന കവര്‍ച്ച പരിസരവാസികളെ നടുക്കി. നേരത്തെ മറ്റൊരു സ്വര്‍ണ്ണ വ്യാപാരിയുടെയും ബൈക്കുകളിലെത്തിയ സംഘം മെയിന്‍ റോഡില്‍ വാദ്യാര്‍ പീടികക്കടത്ത് വെച്ച് രാത്രി എട്ട് മണിയോടെ കണ്ണില്‍ മുളക് പൊടി വിതറി കവര്‍ച്ചക്കിരയാക്കിയിട്ടുണ്ട്.

