വ്യാജ പീഡന പരാതിയില്‍ കുടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി അധ്യാപകന്‍

കോഴിക്കോട്: വ്യാജ പീഡന പരാതിയില്‍ കുടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി അധ്യാപകന്‍. കോഴിക്കോട് ചെറുവണ്ണുര്‍ എഎല്‍പി സ്‌കൂള്‍ അധ്യാപകന്‍ ശബിനാണ് പൊലീസിനും ചൈല്‍ഡ് ലൈനുമെതിരെ പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. പീഡനം നടന്നില്ലെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നേരത്തേ ശബിനെ കോടതി വെറുതെ വിട്ടിരുന്നു.
വിദ്യാര്‍ത്ഥിനിയോട് ലൈഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂള്‍ അധ്യാപകനായ ശബിനെ പൊലിസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയായിരുന്നു ഇയാള്‍ക്കെതിരെ ചുമത്തിയത്. സ്‌കൂള്‍ മാനേജ്‌മെന്റ് തെറ്റായ വിവരം ചൈല്‍ഡ് ലൈനെ അറിയിക്കുകയായിരുന്നു. എന്നാല്‍ ചൈല്‍ഡ് ലൈനും പൊലീസും പരാതിയുടെ നിജസ്ഥിതി തിരക്കാതെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്ന് ശബിന്‍ പറഞ്ഞു. സ്‌കൂള്‍ മാനേജരുടെ പുത്രവധുവിന് ജോലി തരപ്പെടുത്തുന്നതിന് വേണ്ടി തന്നെ കുടുക്കുകയായിരുന്നു.

പെണ്‍കുട്ടി വിചാരണക്കിടെ താന്‍ പീഡിപ്പിക്കപ്പെട്ടില്ലെന്ന് മൊഴി നല്‍കിയതിനെ തുടര്‍ന് നേരത്തെ ശബിനെ കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ തനിക്കെതിരെ വ്യാജ പരാതി നല്‍കിയ സ്‌കൂള്‍ മാനേജ്‌മെന്റിനും പൊലീസിനും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അധ്യാപകന്‍.

