വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കി ആശയകുഴപ്പം ഉണ്ടാക്കാൻ ശ്രമം: പി ജയരാജന്

കണ്ണൂര്‍: സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും ആശയ കുഴപ്പം ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്. ഏത് വാര്‍ത്തയും അതിന്റെ നിജസ്ഥിതി മനസിലാക്കി മാത്രമേ പ്രതികരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാവൂ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ആദ്ദേഹം പറഞ്ഞു.
പോസ്റ്റ് ചുവടെ

എന്നെ സംബന്ധിച്ചുള്ള ചില വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നതായ് മനസിലാക്കുന്നു.പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി തിരിച്ചു വരുന്നതിന് അഭിപ്രായ രൂപീകരണം നടത്തുവാനുള്ള നിര്‍ദേശമാണ് പ്രചരിപ്പിക്കപ്പെടുന്നത്.രണ്ട് ദിവസം മുന്‍പേ എന്നെ പുതിയ ഒരു ചുമതല ഏല്‍പ്പിച്ചു എന്ന നിലയ്ക്കും ഒരു വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. ഏതോ പാര്‍ട്ടി വിരുദ്ധ കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്തതും പാര്‍ട്ടി ബന്ധുക്കളിലും ജനങ്ങളിലും ആശയക്കുഴപ്പം ഉണ്ടാക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇത്.ഇക്കാര്യം തിരിച്ചറിഞ്ഞു ജാഗ്രത പുലര്‍ത്തണമെന്ന് സഖാക്കളോടും സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു.

ഏത് വാര്‍ത്തയും അതിന്റെ നിജസ്ഥിതി മനസിലാക്കി മാത്രമേ പ്രതികരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാവൂ എന്ന് കൂടി അഭ്യര്‍ത്ഥിക്കുന്നു.

