KOYILANDY DIARY.COM

The Perfect News Portal

വ്യാജരേഖ മാറ്റിയെന്നു പരാതി: തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ റിമാന്‍ഡില്‍

തൃശൂര്‍: ഫയലിലെ വ്യാജരേഖ മോഷണം പോയെന്ന പരാതിയില്‍ കോര്‍പ്പറേഷന്‍ നികുതി അപ്പീല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സുകുമാരനെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. വ്യാപാര സ്ഥാപനത്തിനു ലൈസന്‍സ് സമ്ബാദിക്കുന്നതിനു കെട്ടിട ഉടമയുടെ വ്യാജ ഒപ്പിട്ടു അപേക്ഷ നല്‍കിയതുമായി ബന്ധപ്പെട്ടാണ് വിവാദം. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. സി.എം.പി. പ്രതിനിധിയാണ് സുകുമാരന്‍.

തന്റെ പേരില്‍ വ്യാജ ഒപ്പിട്ടെന്നു ചൂണ്ടിക്കാട്ടി കെട്ടിട ഉടമ ചിയ്യാരം സ്വദേശി ബാബു കോടതിയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷിച്ചു നടപടിയെടുക്കാന്‍ പോലീസിനോടു നിര്‍ദേശിച്ചു.സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഫയല്‍ എടുത്തുകൊണ്ടുപോയെന്നും മടക്കി നല്‍കിയത് വ്യാജഒപ്പിട്ട രേഖ ഇല്ലാതെയാണെന്നും ഹെല്‍ത്ത് സൂപ്പര്‍വൈസറും കോര്‍പ്പറേഷന്‍ ജീവനക്കാരും പോലീസ് അന്വേഷണത്തിനിടെ മൊഴിനല്‍കി.

തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം ഫയലില്‍ നിന്നു രേഖ കാണാതായതുമായി ബന്ധമില്ലെന്നാണ് സുകുമാരന്റെ നിലപാട്. പി.ഒ. റോഡിലെ വ്യാപാരസ്ഥാപനത്തിനു അഞ്ചുവര്‍ഷമായി ലൈസന്‍സ് ഇല്ലെന്നും പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ അധികൃതര്‍ ഈയിടെ കട അടച്ചുപൂട്ടി. പിന്നീട് കോടതി ഉത്തരവു നേടി തുറന്നു.

Advertisements

അതിനിടെ കച്ചവടക്കാരന്‍ പൂങ്കുന്നം സ്വദേശി സി. വിജയന്‍ കോര്‍പ്പറേഷനില്‍ കച്ചവട ലൈസന്‍സിനായി അപേക്ഷ നല്‍കി. അതിനൊപ്പം എന്‍.ഒ.സി. നേടാന്‍ നല്‍കിയ രേഖയിലെ ഒപ്പ് വ്യാജമാണെന്നാണ് പരാതി. വ്യാജഒപ്പിട്ടതിന്റെ രേഖ വിവരാവകാശ നിയമപ്രകാരം സ്ഥലം ഉടമ സമ്ബാദിച്ചിരുന്നു. പിന്നീട് ഫയലില്‍നിന്ന് അതു അപ്രത്യക്ഷമായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ചോദ്യംചെയ്തപ്പോള്‍ കഴിഞ്ഞ ജൂണില്‍ ഫയല്‍ സുകുമാരന്‍ നേരിട്ട് എടുത്തുകൊണ്ടുപോയി എന്നു മൊഴിനല്‍കി.

തുടര്‍ച്ചയായി ആവശ്യപ്പെട്ടപ്പോള്‍ വ്യാജഒപ്പിട്ട പേപ്പര്‍ ഇല്ലാതെ ഫയല്‍ മടക്കി നല്‍കിയെന്നാണ് വിശദീകരണം. അതോടെ ഫയലില്‍ നിന്നു രേഖ കാണാതായതിന്റെ ഉത്തരവാദിത്വം സുകുമാരനായി. കേസില്‍ രണ്ടാംപ്രതിയുമായി. ഒന്നാംപ്രതി വിജയന്‍ നേരത്തെ മുന്‍കൂര്‍ ജാമ്യം നേടി. താന്‍ ഇത്തരമൊരു രേഖ സമര്‍പ്പിച്ചിട്ടില്ലെന്നാണ് ഇദ്ദേഹത്തിന്റെ മൊഴി. കെട്ടിട ഉടമ എന്‍.ഒ.സി. ഒപ്പിട്ടുനല്‍കിയാലേ കച്ചവടം നടത്താന്‍ അനുമതി നല്‍കുകയുള്ളൂ. സംഭവം ലജ്ജാകരമാണെന്നും മേയര്‍ ഉള്‍പ്പെടെ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ബി.ജെ.പി. പ്രവര്‍ത്തകര്‍ കോര്‍പ്പറേഷനിലേക്ക് മാര്‍ച്ച്‌ നടത്തി.

Share news

Leave a Reply

Your email address will not be published. Required fields are marked *